കൊച്ചി: തമിഴ്നാട്ടില്‍ നിന്നെത്തിയ ലോറി ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൊറോണ ബാധിച്ച ലോറി ഡ്രൈവര്‍ തമിഴ്നാട്ടില്‍ നിന്ന് മുട്ട കൊണ്ടുവന്ന് കൂത്താട്ടുകുളത്തെ മുട്ടക്കടയില്‍ എത്തിച്ചിരുന്നു.
തുടര്‍ന്ന് അദ്ദേഹവും സഹായിയുമായി കോട്ടയത്തെ മറ്റൊരു വ്യാപാര സ്ഥാപനത്തിലേക്ക് പോയി. അവിടെ വെച്ച് അദ്ദേഹത്തിനു പനി ഉണ്ടാവുകയും കോട്ടയം മെഡിക്കല്‍ കോളജിലെത്തി സ്രവം പരിശോധിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇയാള്‍ തിരികെ നാട്ടിലേക്ക് മടങ്ങി. ഇന്ന് രാവിലെ ഇയാളുടെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഇപ്പോള്‍ ഇയാള്‍ തമിഴ്നാട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഉള്ളത്.
പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കൂത്താട്ടുകുളത്തെ മുട്ടക്കട സീല്‍ ചെയ്തു. കട ഉടമയോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്കി. മൂന്ന് ദിവസത്തേക്ക് ഹൈസ്കൂള്‍ റോഡ് അടച്ചു. മുട്ടക്കട ആരോഗ്യവകുപ്പ് അണുവിമുക്തമാക്കുകയാണ്. ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കി വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post