ഡൽഹി: കൊവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ദൗത്യത്തിന് തുടക്കമായി. ഓപ്പറേഷൻ സമുദ്രസേതു എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നുള്ള ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കും. ഇതിനായി നാവിക സേനയുടെ കപ്പലുകളായ ഐ എൻ എസ് ജലാശ്വയും ഐ എൻ എസ് മഗാറും തയ്യാറായി.
ദൗത്യത്തിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നുള്ള യാത്രക്കാരെ നാവിക സേന കപ്പലിൽ കയറ്റാൻ നടപടി തുടങ്ങി. മാലി ഇന്ത്യൻ ഹൈക്കമ്മീഷൻ വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് യാത്രക്ക് അവസരം നൽകുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവര്‍, ഗര്‍ഭിണികൾ, മുതിര്‍ന്ന പൗരൻമാര്‍, സന്ദര്‍ശക വിസയിലെത്തി കുടുങ്ങിപ്പോയവര്‍ എന്നിവർക്കാണ് ആദ്യ പരിഗണന നൽകുന്നത്.
തൊഴിൽ നഷ്ടമായവർക്കും പരിഗണന നൽകും. രണ്ട് ദിവസമെടുത്താകും മാലിയിൽ നിന്ന് കപ്പൽ കൊച്ചിയിൽ എത്തുക. ആയിരത്തോളം പ്രവാസികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.








