ഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ പരാമർശിച്ച ‘ആത്മനിര്‍ഭര്‍’ എന്ന വാക്കിന്റെ അര്‍ഥത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ വൻ ചര്‍ച്ചയാണ് നടന്നത്. ആത്മനിര്‍ഭര്‍ എന്ന വാക്കിന്റെ അര്‍ഥം മനസ്സിലാക്കാന്‍ പലരും ഗൂഗിളില്‍ അര്‍ഥം തിരഞ്ഞു.
കര്‍ണാടക, തെലങ്കാന സംസ്ഥാനക്കാരാണ് രാജ്യത്ത് ആത്മനിര്‍ഭറിന്റെ അര്‍ഥം ഗൂഗിളില്‍ അര്‍ഥം തിരഞ്ഞവരില്‍ മുമ്പില്‍. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും ഗുജറാത്തും ഉണ്ട്. പലരും എന്താണ് ആത്മനിര്‍ഭര്‍ എന്ന് ആരെങ്കിലും പറഞ്ഞുതരുമോ എന്ന് ചോദിച്ച് നിരവധി പേര് ട്വീറ്റ് ചെയ്യുകയുമുണ്ടായി.
സ്വാശ്രയ ശീലമുള്ള എന്നാണ് ആത്മനിര്‍ഭര്‍ എന്ന വാക്കിന്റെ അര്‍ഥം. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് വളര്‍ത്താന്‍ 20 ലക്ഷം കോടിയുടെ സ്വാശ്രയ ഇന്ത്യ(ആത്മനിര്‍ഭര്‍ ഭാരത്) പാക്കേജ് ആണ് പ്രധാനമന്ത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) പത്തു ശതമാനം തുകയാണ് പാക്കേജിനായി നീക്കിവെക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ബുധനാഴ്ചമുതല്‍ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രതിസന്ധിയിലായ പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, സത്യസന്ധരായ നികുതിദായകര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമേകുന്നതിനാണ് പാക്കേജ്.രാജ്യത്ത് വിപുലമായ സാമ്പത്തികപരിഷ്കാരങ്ങള്‍ കൊണ്ടുവരും. ഇത് ഇന്ത്യയെ ലോകത്തിനൊപ്പം മത്സരത്തിനു പ്രാപ്തമാക്കും. ഭൂമി, തൊഴില്‍, പണലഭ്യത, നിയമങ്ങള്‍ എന്നിവയ്ക്ക് പാക്കേജില്‍ മുന്‍തൂക്കം നല്‍കും.
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സ്വയംപര്യാപ്തതയാണ് ഏകമാര്‍ഗമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സ്വാശ്രയത്വത്തിലൂടെ ഇന്ത്യ കോവിഡിനെ മറികടക്കും. ഭൂകമ്പത്തില്‍ നിന്ന് ഗുജറാത്തിലെ കച്ച് ഉയര്‍ത്തെഴുന്നേറ്റതുപോലെ ഇന്ത്യ പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ന്നുവരും. ലോകത്തിന് പുതിയ മാര്‍ഗം കാണിക്കും. സ്വാശ്രയത്വത്തിലൂടെ ഇന്ത്യ ആഗോളതലത്തില്‍ മത്സരശക്തി നേടും. സ്വാശ്രയത്വം സ്വാര്‍ഥതയല്ല, സ്വയംപര്യാപ്തതയാണ്.
ലോകത്തിലെ മുഴുവന്‍ മനുഷ്യകുലത്തിന്റെയും നന്മയാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്. വന്‍വളര്‍ച്ച നേടുന്ന സാമ്പത്തികവ്യവസ്ഥ, ആധുനികതയില്‍ കേന്ദ്രീകരിച്ച അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികതയില്‍ ഊന്നിയ സംവിധാനം, അതിശക്തമായ ജനസംഖ്യാഘടന, കിടയറ്റ ആവശ്യ-വിതരണ ശൃംഖല എന്നിങ്ങനെ ഇന്ത്യയുടെ സ്വാശ്രയത്വ സമീപനത്തിന് അഞ്ചു തൂണുകളുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അടച്ചിടല്‍ നീട്ടുമെന്നും പ്രധാനമന്ത്രി സൂചന നല്‍കിയിട്ടുണ്ട്. എന്നാൽ വ്യത്യസ്ത രീതീയിലുള്ള ലോക്ഡൊൺ ആയിരിക്കും നാലാംഘട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാലാംഘട്ട അടച്ചിടല്‍ കോവിഡ് പ്രതിരോധത്തിനൊപ്പം സാമ്പത്തിക വളര്‍ച്ചയും അടിസ്ഥാനമാക്കിയാകും. ഇതിന്റെ വിശദാംശങ്ങള്‍ ഈ മാസം 18-നുമുമ്പ് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post