മീററ്റ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പിറന്ന ഇരട്ടക്കുട്ടികൾക്ക് വ്യത്യസ്തമായ പേര് നൽകി ശ്രദ്ധേയരായിരിക്കുകയാണ് ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശികളായ ദമ്പതികൾ. കോറോണക്കാലത്ത് പിറന്ന കുഞ്ഞുങ്ങൾക്ക് ഇവർ നൽകിയിരിക്കുന്ന പേരുകൾ ‘ ക്വാറന്റീൻ‘ എന്നും ‘സാനിറ്റൈസർ‘ എന്നുമാണ്.
കൊവിഡ് 19 വ്യാപനത്തിനെതിരായി രാജ്യം നടത്തുന്ന പോരാട്ടത്തിനോടുള്ള ആദരസൂചകമായാണ് കുഞ്ഞുങ്ങൾക്ക് ഇപ്രകാരം പേരുകൾ ഇട്ടതെന്ന് മാതാപിതാക്കൾ വ്യക്തമാക്കുന്നു. മനുഷ്യരെ കൊറോണ വ്യാപനത്തിൽ നിന്നും സംരക്ഷിക്കാൻ പോരാടുന്ന നമുക്ക് ഒരിക്കലും മറക്കാനാവാത്ത വാക്കുകളാണ് ക്വാറന്റീനും സാനിറ്റൈസറും. പ്രസവത്തിന് മുൻപ് പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് ആണെന്ന് തെളിഞ്ഞതിന്റെ സന്തോഷവും മനസ്സിലുണ്ട്. അതു കൊണ്ടാണ് ഇരട്ട ആണ്മക്കൾക്ക് ഈ പേരുകൾ നൽകിയതെന്ന് കുട്ടികളുടെ അമ്മ വിനു പറഞ്ഞു.
ക്വാറന്റീനും സാനിറ്റൈസറും സുരക്ഷയുടെ പ്രതീകമാണ്. ഇവരിലൂടെ ആജീവനാന്തം സുരക്ഷിതത്വ ബോധമുണ്ടാകും. ഈ കാലത്ത് കുട്ടികൾക്ക് നൽകാൻ ഏറ്റവും അനുയോജ്യമായ പേരുകളാണ് ഇവയെന്ന് കുട്ടികളുടെ പിതാവ് ധർമേന്ദ്ര അഭിപ്രായപ്പെടുന്നു.
Discussion about this post