കൊല്ലം: കൊട്ടാരക്കരയിലെ ജനത്തിരക്കേറിയ കെ എസ് ആർ ടി സി- പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾക്കിടയിലെ ഇടുങ്ങിയ വഴിയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് സ്ത്രീകളെയും വിദ്യാർത്ഥികളെയും അക്ഷരാർത്ഥത്തിൽ വലക്കുന്നു. ഔട്ട്ലെറ്റ് ഇവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി-യുവമോര്‍ച്ച പ്രവർത്തകർ പ്രതിഷേധിച്ചു.
ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കര എംഎല്‍എ, നഗരസഭ, എക്സൈസ് വകുപ്പ് മന്ത്രി എന്നിവർക്ക് ബിജെപി ഉൾപ്പെടെയുള്ള ബഹുജന സംഘടനകൾ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. എസ് എസ് എൽ സി അടക്കമുള്ള പരീക്ഷകൾ എഴുതാൻ കുട്ടികൾ ബസ് സ്റ്റാൻഡുകളിൽ പ്രവേശിക്കാൻ എത്തിയ അവസരത്തിൽ ബിവ് ക്യു ആപ്പ് വഴി മദ്യം ബുക്ക് ചെയ്ത മദ്യപന്മാർ ഇത് വാങ്ങാൻ ഇവിടെ തടിച്ചു കൂടിയതോടെയാണ് ഔട്ട്ലെറ്റിന് മുന്നിൽ ബിജെപി- യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത്.
പ്രതിഷേധ പരിപാടികൾക്ക് ബിജെപി നിയോജകമണ്ഡലം പ്രസിഡൻറ്റ് അഡ്വ. വയയ്ക്കല്‍ സോമന്‍ നേതൃത്വം നൽകി. സിപിഎമ്മിന്റ ഒരു മുന്‍ എംഎല്‍എക്കു ലഭിക്കുന്ന മാസ വാടകയിലെ വന്‍ കമ്മീഷനാണ് കുന്നക്കര പമ്പിന് സമീപം ആളൊഴിഞ്ഞ ഭാഗത്തു സ്ഥാപിച്ചിരുന്ന ബെവ്കോ ഔട്ട്‌ലെറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്തേക്ക് സ്ഥാപിക്കാന്‍ കാരണമായത്. എത്രയും പെട്ടെന്ന് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാന്‍ തയ്യാറാവണമെന്നും വയയ്ക്കല്‍ സോമന്‍ ആവശ്യപ്പെട്ടു.
ബിജെപി മണ്ഡലം സെക്രട്ടറി കെ.ആര്‍ രാധാകൃഷ്ണന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡൻറ്റ് വിഷ്ണു വല്ലം, സെക്രട്ടറി വിജിന്‍ വയയ്ക്കല്‍, പ്രേംകുമാര്‍ വല്ലം, രാഹുല്‍ പടിഞ്ഞാറ്റിങ്കര എന്നിവര്‍ പ്രതിഷേധ പരിപാടികളിൽ സംബന്ധിച്ചു.
Discussion about this post