ഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയായ ലഡാക്കിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പാകിസ്ഥാന്‍ നിയോഗിച്ച ചാര ശൃംഖല തകര്‍ത്ത് ഇന്ത്യ. മുംബൈ പോലീസ് ക്രൈംബ്രാഞ്ചിന്റെയും ജമ്മു കശ്മീരില്‍ ഇന്റലിജന്‍സിന്റെയും സംയുക്ത സംഘമാണ് ചാര ശൃംഖലയെ ഇല്ലാതാക്കിയത്.
മൂന്ന് ഫംഗ്ഷണല്‍ സിം ബോക്‌സുകള്‍, സ്റ്റാന്‍ഡ് ബൈ ഇന്‍ബോക്‌സ്, 191 സിം കാര്‍ഡുകള്‍, ലാപ്‌ടോപ്, ആന്റിനകള്‍, ബാറ്ററികള്‍, കണക്ടറുകള്‍ എന്നിവയാണ് ഒളിസങ്കേതത്തില്‍ നിന്നും പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഒരാളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ഉപയോഗിച്ചാണ് ചാരന്മാര്‍ ലഡാക്കിലെ സൈനിക വിന്യാസം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചത്. അറസ്റ്റിലായ വ്യക്തിയുടെ രഹസ്യ താവളത്തില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഇവര്‍ ഉപയോഗിച്ച സാങ്കേതിക ഉപകരണങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു.
പാക് ചാര സംഘടനയായ ഐഎസ്‌ഐ ആണ് ഇതിന്റെ പിന്നിലെന്നാണ് സൂചന. വിഒഐപികളെ ഉപയോഗിച്ച് നിര്‍ണ്ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. മെയ് ആദ്യവാരം മുതല്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് വ്യത്യസ്ത നമ്പറുകളില്‍ നിന്നും ലഡാക്കിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടക്കുന്നതായുള്ള നിഗമനത്തിലേക്ക് അന്വേഷണ സംഘമെത്തിയത്.
Discussion about this post