ലഖ്നൗ: അഞ്ചാം ഘട്ട ലോക്ക് ഡൗണിൽ രാജ്യത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ. സംസ്ഥാനത്ത് ആരാധനാലയങ്ങൾ ജൂൺ 8ന് തുറക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
ഇതിന് പുറമെ സംസ്ഥാനത്ത് ടാക്സി- ബസ് സർവീസുകളും പുനരാരംഭിക്കുമെന്നും വിശദവിവരങ്ങൾ അടങ്ങിയ മാർഗ്ഗരേഖ പുറപ്പെടുവിക്കാനൊരുങ്ങവെ അദ്ദേഹം വ്യക്തമാക്കി. ഇളവുകൾ പ്രാബല്യത്തിൽ വരുമെങ്കിലും സാമൂഹിക അകലം പാലിക്കുന്നതും മാസ്ക്കിന്റെ ഉപയോഗവും നിർബ്ബന്ധിതമായിരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ജൂൺ ഒന്നിന് ആരംഭിക്കാനിരിക്കുന്ന ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിനെ അൺലോക്ക് ഒന്നാം ഘട്ടമെന്നാണ് യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. ഈ ഘട്ടത്തിൽ ജനങ്ങൾ കനത്ത ജാഗ്രത തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കാരണവാശാലും ആരാധനാലയങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ യോഗി, മുതിർന്ന പൗരന്മാരും കുട്ടികളും വീടുകളിൽ തന്നെ തുടരണമെന്നും നിർദ്ദേശിച്ചു.
Discussion about this post