ഡല്‍ഹി:പിഒകെയിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യയില്‍ ബൗദ്ധ സ്മാരകം തകര്‍ത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. കടന്നു കയറിയ പ്രദേശങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ഉടന്‍ ഇറങ്ങിപ്പോകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചരിത്രസ്മാരകം തകര്‍ത്തത് അത്യന്തം അപലപനീയമായ സംഭവമാണ്. പാക് അധീന കശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞു പോകുന്നത് പ്രദേശത്തെ സമാധാനത്തിന് ഭംഗം വരാതിരിക്കാന്‍ ആവശ്യമാണെന്നും ഇന്ത്യ വ്യക്തമാക്കി.
ചരിത്ര സ്മാരകം തകര്‍ത്തത് പൊറുക്കാനാകാത്ത പ്രവൃത്തിയാണ്. ഇന്ത്യയുടെ ഭാഗമായ പ്രദേശത്ത് അധിനിവേശം നടത്തി മതവിവേചനവും അക്രമവും നടത്തുന്നത് അംഗീകരിക്കാനാകില്ല. ബുദ്ധസ്മാരകം പുനരുദ്ധരിക്കാന്‍ വേണ്ടി വിദഗ്ദ്ധരെ അയയ്ക്കാന്‍ ഇന്ത്യ തയ്യാറാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
നിയമ വിരുദ്ധമായി കടന്നുകയറിയ പ്രദേശങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞു പോകണമെന്ന് പ്രസ്താവനയില്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. സാംസ്കാരികവും രാഷ്ട്രീയപരവുമായി പ്രദേശത്തെ ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യ വ്യക്തമാക്കി.
ഗില്‍ജിത് ബാല്‍ട്ടിസ്ഥാനിലെ ബൗദ്ധ സ്മാരകമായ കൊത്തുപണികളുള്ള പാറക്കൂട്ടങ്ങളില്‍ മതമൗലികവാദികള്‍ ഈയിടെ അറബിയില്‍ എഴുതുകയും പാക് പതാക വരയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.
Discussion about this post