പത്തനംതിട്ട: ലോക്കല്‍ സെക്രട്ടറിക്കെതിരായ പരാതിയില്‍ ജില്ല സെക്രട്ടറിയടക്കമുള്ളവര്‍ മൃദു സമീപനം സ്വീകരിച്ചുവെന്നാരോപിച്ച് സിപിഎം ഏരിയാ കമ്മറ്റിയില്‍ നിന്ന് കൂട്ടരാജി. ഇരവിപേരൂര്‍ സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്ന് പത്ത് പേരാണ് രാജിവച്ചത്. പുറമറ്റം ലോക്കല്‍ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ മൃദു സമീപനം സ്വീകരിച്ചുവെന്നാണ് പരാതി.
പുറമറ്റം ലോക്കല്‍ സെക്രട്ടറി അയല്‍വാസിയായ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളും കവര്‍ന്നെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. മെയ് ഏഴിനാണ് പരാതിക്കാരിയായ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി രക്ഷപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുറമറ്റം ലോക്കല്‍ സെക്രട്ടറി ഷിജു കുരുവിളയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഷിജുവിനെ ഏരിയ കമ്മിറ്റി അംഗമായി നിലനിര്‍ത്തിക്കൊണ്ട് ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നത് യുക്തി സഹമല്ലെന്ന് ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ സെക്രട്ടറിയേറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആവശ്യം നിരാകരിച്ചു. ഇതേ തുടര്‍ന്നാണ് ഏരിയ കമ്മിറ്റി അംഗങ്ങളായ പത്ത് പേര് രാജിവച്ചത്.
Discussion about this post