കൊല്ലം: കടയ്ക്കലില്‍ പൊലീസുകാരന് മരിച്ചതുമായി ബന്ധപ്പെട്ട് കൂട്ടു മദ്യപസംഘത്തിലെ ഒരാൾ അറസ്റ്റിൽ. വിഷ്ണുവിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാലംഗ സംഘം കുടിച്ചത് സ്പിരിറ്റാണെന്നും വെള്ളിയാഴ്ച രാത്രി സ്പിരിറ്റ് എത്തിച്ചത് വിഷ്ണുവാണെന്നും വ്യക്തമായതോടെയാണ് ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
മുമ്പും ഇവര്‍ സ്പിരിറ്റ് കുടിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. അന്ന് ശീതളപാനിയത്തില്‍ കലര്‍ത്തി കഴിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായെന്നാണ് വിഷ്ണു പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അതുകൊണ്ടാണ് ഇത്തവണ കുറച്ച് മാത്രം മദ്യപിച്ചതെന്നും വിഷ്ണു മൊഴി നല്കി.
മലപ്പുറം ഐ.ആര് ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനും കടക്കല്‍ ചെളിക്കുഴി സ്വദേശിയുമായ അഖില്‍ ആണ് മരിച്ചത്. മദ്യപിച്ച് അവശനിലയിലായ അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Discussion about this post