ഡൽഹി : സിനിമാ-കായികതാരങ്ങൾ ഇനി മുതൽ ചൈനീസ് നിർമ്മിത വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കരുതെന്ന നിർദേശവുമായി സിഎഐടി.രാജ്യത്തെ ഏറ്റവും വലിയ വ്യാപാര സംഘടനയാണ് സിഎഐടി എന്ന കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്സ്.കഴിഞ്ഞ ദിവസം സംഘടന 3000 ചൈനീസ് നിർമിത വസ്തുക്കൾ ബഹിഷ്കരിക്കുമെന്ന ആഹ്വാനവുമായി രംഗത്തു വന്നിരുന്നു.ഇതിന്റെ തുടർച്ചയായാണ് താരങ്ങളോട് ഇനി മുതൽ ചൈനീസ് ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കരുതെന്ന നിർദേശവുമായി സംഘടന രംഗത്ത് വന്നിരിക്കുന്നത്.
‘ബോയ്‌കോട്ട് ചൈന’ എന്ന സിഎഐടിയുടെ ഈ പ്രചാരണത്തിൽ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ശില്പാ ഷെട്ടി, മാധുരി ദീക്ഷിത്, എം.എസ് ധോണി, സച്ചിൻ ടെണ്ടുൽക്കർ, സോനു സൂദ് എന്നിവരടങ്ങുന്ന താരനിരയോട് ഇതിന്റെ ഭാഗമാവാനും അഭ്യർത്ഥിച്ചിട്ടുണ്ട് .വ്യാപാര രംഗത്ത് ഇന്ത്യയുടെ രണ്ടാമത്തെ വലിയ പങ്കാളിയായ ചൈനക്കെതിരെ ‘ബോയ്‌കോട്ട് ചൈന’ എന്ന പ്രചാരണത്തിലൂടെ ഇന്ത്യ ശീതയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.









