കൊച്ചി: കേരള സൈഗാള്‍ എന്നറിയപ്പെടുന്ന സംഗീതജ്ഞനും നടനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. 107 വയസായിരുന്നു. എറണാകുളം പള്ളുരുത്തിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംഗീത നാടകങ്ങളിലൂടെ കലാരംഗത്തെത്തിയതാണ് അദ്ദേഹം.
വേദമണി എന്ന സംഗീതനാടകത്തിലൂടെ തന്റെ ഏഴാമത്തെ വയസിലാണ് ഇദ്ദേഹം അരങ്ങിലെത്തിയത്. മായ, സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകള്‍, ചിരിക്കുന്ന ചെകുത്താന്, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങി നിരവധി നാടകങ്ങളിലായി പതിനയ്യായിരം വേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്.
ഇരുപത്തഞ്ചോളം സിനിമകളിലും അഭിനയിച്ചു. ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ ‘മിശിഹാചരിത്ര’ത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷമിട്ടാണ് പ്രൊഫഷണല്‍ നടനാവുന്നത്.
2010-ല്‍ ദിലീപ് നായകനായ “മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി പിന്നണി പാടിയത്. നടന് മോഹന്‍ജോസ്, സംവിധായകന് കെ.ജി. ജോര്‍ജിന്റെ ഭാര്യയും ഗായികയുമായ സെല്‍മ എന്നിവര്‍ മക്കളാണ്.
Discussion about this post