പാലക്കാട് : വാർത്ത ചിത്രീകരിക്കുന്നതിനിടയിൽ മാദ്ധ്യമ സംഘത്തിന് നേരെയുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മാതൃഭൂമി ന്യൂസിന്റെ വാർത്താ സംഘത്തിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാനായ എ വി മുകേഷ് (34) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ആയിരുന്നു മാദ്ധ്യമ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മലമ്പുഴ കൊട്ടേക്കാട് വെച്ച് കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയായിരുന്നു പ്രകോപിതനായ ഒരു കാട്ടാന മാദ്ധ്യമ സംഘത്തിന് നേരെ പാഞ്ഞെടുത്ത് ആക്രമണം നടത്തിയത്. സംഘത്തിൽ ഉണ്ടായിരുന്ന റിപ്പോർട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നേരത്തെ ഡൽഹിയിൽ ജോലി ചെയ്തിരുന്ന മുകേഷ് കഴിഞ്ഞ ഒരു വർഷമായാണ് പാലക്കാട് ബ്യൂറോയിൽ ജോലി ചെയ്തിരുന്നത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്.
Discussion about this post