പ്രയാഗ്രാജ്: 30 വർഷമായി പ്രവർത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടാൻ ഉത്തരവിട്ട് അലഹാബാദ് ഹൈക്കോടതി. അഞ്ചുവയസുകാരന്റെ ഹർജിയിലാണ് നടപടി. സ്‌കൂളിനു സമീപം പ്രവർത്തിക്കുന്ന മദ്യശാലക്കെതിരെയാണ് എൽ.കെ.ജി വിദ്യാർത്ഥിയായ അഥർവ കോടതിയെ സമീപിച്ചത്. കാൺപുർ ആസാദ് നഗറിലെ മദ്യശാലക്കെതിരെ അഭിഭാഷകൻ അശുതോഷ് മുഖേനെയാണ് അഥർവ ഹർജി നൽകിയത്.
പ്രദേശത്ത് സ്‌കൂൾ വന്നിട്ടും മദ്യശാലക്ക് ലൈസൻസ് പുതുക്കി നൽകിയത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചിരുന്നു. എക്സൈസ് വകുപ്പ് ചീഫ് സെക്രട്ടറി, ലഖ്നൗ എക്സൈസ് കമ്മീഷണർ, ഡി.എം (ലൈസൻസിംഗ് അതോറിറ്റി) കാൺപൂർ നഗർ, എക്സൈസ് ഓഫീസർ കാൺപൂർ, മദ്യക്കട നടത്തിപ്പുകാരൻ ജ്ഞാനേന്ദ്രകുമാർ എന്നിവരെയാണ് ഹർജിയിൽ ഉൾപ്പെടുത്തിയത്.ആരാധനാലയം, സ്‌കൂൾ, ആശുപത്രി, ബസാർ, റെസിഡൻഷ്യൽ കോളനി എന്നിവയുടെ പ്രവേശന കവാടത്തിൽ നിന്ന് 100 മീറ്റർ ചുറ്റളവിൽ ഒരു കടയും പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിനെ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.
ആസാദ് നഗറിലെ സെറ്റ് എം.ആർ. ജയപുരിയ സ്‌കൂളിലെ കിന്റർഗാർട്ടൻ വിദ്യാർഥിയാണ് ഹർജിക്കാരനായ അഥർവ്. കിൻറർഗാർട്ടൻ മുതൽ ഒമ്പതാം ക്ലാസ് വരെ ക്ലാസുകൾ നടത്തുന്ന ഈ സ്‌കൂളിൽ ഏകദേശം 475 കുട്ടികളുണ്ട്.
Discussion about this post