ന്യൂഡൽഹി: ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടുള്ള സാം പിത്രോഡയുടെ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ്. രാജ്യത്തിന്റെ വൈവിദ്ധ്യത്തെയാണ് പരാമർശത്തിലൂടെ പിത്രോഡ വ്യക്തമാക്കാൻ ശ്രമിച്ചത് എന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. പരാമർശം വിവാദമായതിന് പിന്നാലെ എക്‌സിലൂടെയായിരുന്നു വിശദീകരണവുമായി ജയ്‌റാം രമേശ് രംഗത്ത് എത്തിയത്.
ഇന്ത്യയുടെ വൈവിദ്ധ്യത്തെ ആയിരുന്നു പരാമർശത്തിലൂടെ സാം പിത്രോഡ വ്യക്തമാക്കാൻ ശ്രമിച്ചത്. എന്നാൽ ഇതിനായി അദ്ദേഹം ഉപയോഗിച്ച വാക്കുകൾ അംഗീകരിക്കാൻ കഴിയാത്തതും ദൗർഭാഗ്യകരവുമാണ്. കോൺഗ്രസിന് ഈ പരാമർശങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്ന് ആയിരുന്നു സാം പിത്രോഡയുടെ പരാമർശം. ഇതിൽ പിത്രോഡയ്‌ക്കെതിരെ രൂക്ഷ വിമർശനം ആണ് ഉയർന്നത്. ഇതിൽ പ്രതിരോധത്തിലായതോടെയാണ് കോൺഗ്രസ് പ്രതികരണവുമായി രംഗത്ത് എത്തിയത്.
ഈ മാസം രണ്ടിന് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു സാം പിത്രോഡ വിവാദ പരാമർശം നടത്തിയത്. ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ഉള്ളവർ ചൈനീസ് പൗരന്മാരെ പോലെയാണ്. പടിഞ്ഞാറ് ഭാഗത്തുള്ളവർ അറബികളെപ്പോലെയും. വടക്ക് ഭാഗത്തുള്ളവർ വെള്ളക്കാരെ പോലെയാണ്. അതേസമയം ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്നും ആയിരുന്നു പിത്രോഡ പറഞ്ഞത്.
Discussion about this post