In Facebook- ശങ്കു ടി ദാസ്
വാര്യംകുന്നത്ത് ഫാൻസ് തങ്ങളുടെ ആരാധ്യ നേതാവായ കൊലയാളി ഹാജിയുടെ നിഷ്കളങ്കതക്കും മതേതര ബോധത്തിനും സർവ്വോപരി ബഹുഭാഷാ പാണ്ഡിത്യത്തിനും ഒക്കെയുള്ള തെളിവായി പ്രചരിപ്പിച്ചു കാണുന്ന ഒരു രേഖയാണിത്.
1921 ഒക്ടോബർ 18ന് ഹിന്ദു പത്രത്തിൽ അച്ചടിച്ച് വന്ന വാര്യംകുന്നത് ഹാജിയുടെ കത്ത് ആണിത് എന്നാണ് അവകാശപ്പെടുന്നത്.
പ്രഥമദൃഷ്ട്യാ തന്നെ വ്യാജമെന്ന് മനസിലാവുന്ന ഒരു നിർമ്മിതി എന്ന നിലയിൽ ആദ്യം കണ്ടപ്പോൾ ചിരിച്ചു തള്ളിയതാണെങ്കിലും കഴിഞ്ഞ ദിവസം ‘ദി ന്യൂസ് മിനുറ്റിന്’ മനു.എസ്.പിള്ള നൽകിയ അഭിമുഖത്തിൽ ഉൾപ്പെടെ ഒരാധികാരിക രേഖ എന്നോണം ഈ കത്തിലെ പ്രസ്താവനകൾ ഉദ്ധരിച്ചു കണ്ടപ്പോൾ ആണ് ഇതല്പം കൂടി ഗൗരവത്തിൽ എടുക്കേണ്ട സംഗതി ആണെന്ന ബോധ്യമുണ്ടായത്.
അങ്ങനെയാണ് ഇത് വീണ്ടും എടുത്തു നോക്കിയത്.
നോട്ടത്തിൽ തെളിഞ്ഞ ചില സംഗതികൾ അക്കമിട്ട് പറയാം.
1. “ഹിന്ദു” എന്ന പേരിൽ ഒരു പത്രമില്ല. ചെന്നൈ ആസ്ഥാനമാക്കി പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഭാഷാ ദിനപത്രം ആണ് ഉദ്ദേശിച്ചതെങ്കിൽ, ആ പത്രത്തിന്റെ പേര് “ദി ഹിന്ദു” എന്നാണ്. പത്രത്തിന്റെ പേര് കത്തെഴുതിയ വാര്യംകുന്നത് ഹാജിക്ക് തെറ്റിയെന്നത് പോട്ടെ, അത് പ്രസിദ്ധീകരിച്ചെന്ന് പറയുന്ന ദി ഹിന്ദു പത്രത്തിന് തന്നെ തെറ്റിയെന്നത് വളരെ കൗതുകകരം ആയിട്ടുണ്ട്.
2. പന്തളം ഹിൽ എന്നൊരു സ്ഥലം മലപ്പുറത്തോ മലബാറിൽ എവിടെയെങ്കിലുമോ ഇല്ല. വാര്യംകുന്നത് ഹാജി കത്തെഴുതിയ സ്ഥലം ആണ് ഉദ്ദേശിച്ചത് എന്നത് കൊണ്ട് അത് ‘പന്തല്ലൂർ ഹിൽ’ ആവാനാണ് സാധ്യത. അക്കാര്യത്തിലും അല്പം ജാഗ്രത കുറവ് സംഭവിച്ചിട്ടുണ്ട്.
3. ദി ഹിന്ദു എഡിറ്റർക്ക് ഇങ്ങനെയൊരു കത്തെഴുതാനുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വാര്യംകുന്നത് ഹാജിക്ക് ഉണ്ടായിരുന്നില്ല. പ്രമുഖ ഹാജിയാർ ഫാൻസ് ആയ കെ.ടി. ജലീലും ഹുസൈൻ രണ്ടത്താണിയും ഉൾപ്പെടെ എഴുതിയിട്ടുള്ള വാര്യംകുന്നൻ ചരിതങ്ങളിൽ അയാളുടെ വിദ്യാഭ്യാസം കാരക്കാട് മമ്മു മൊല്ലയുടെയും മമ്മദ്കുട്ടി മുസ്ലിയാരുടെയും ഓത്ത് പള്ളി/മദ്രസകളിൽ നിന്നുള്ള പ്രാഥമിക അറബി പാഠങ്ങളും പിന്നെ ബാലകൃഷ്ണൻ എഴുത്തച്ഛൻ എന്നയാളിൽ നിന്ന് ഇത്തിരി മലയാളം അക്ഷരമാലയും ആണ്. ദി ഹിന്ദു എഡിറ്റർക്ക് കത്തെഴുതാൻ പോയിട്ട് നോട്ടീസ് വായിക്കാനുള്ള ഇംഗ്ലീഷ് പരിജ്ഞാനം പോലും അയാൾക്കുണ്ടായിരുന്നു എന്ന് പറയാൻ കൊടിയ ഹാജി ആരാധകർ പോലും ധൈര്യപ്പെട്ടിട്ടില്ല.
4. ഈ അപകടം മനസിലാക്കി ഇപ്പോൾ ചിലർ മുൻകൂട്ടി എറിയുന്ന ‘കത്ത് തനി മാപ്പിള മലയാളത്തിൽ തന്നെ ആയിരുന്നു. ദി ഹിന്ദു എഡിറ്റർ അത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താണ് പ്രസിദ്ധീകരിച്ചത്’ എന്ന വാദവും സത്യമാവാൻ വഴിയില്ല. കാരണം അക്കാലത്ത് ദി ഹിന്ദു ചീഫ് എഡിറ്റർ കസ്തൂരി രംഗൻ അയ്യങ്കാറും അസിസ്റ്റന്റ് എഡിറ്റർ എസ്. രംഗസ്വാമി അയ്യങ്കാറും ആണ്. ഇവർ ഏറനാട്ടിൽ നിന്ന് തനി മാപ്പിള മലയാളത്തിൽ എഴുതിയ ഒരു കത്ത് കിട്ടിയാൽ “എന്ന കണ്ട്രാവി ഇത്? ഡേയ് മുത്തുരാമാ.. ഇതേ കീറി കുപ്പയിൽ പോട്ട് ഒരു ഫിൽറ്റർ കോഫി കൊണ്ട് വാടാ. കർമ്മം കർമ്മം” എന്ന് പറഞ്ഞിരിക്കാനേ സാധ്യതയുള്ളൂ. പ്രചരിക്കുന്ന കത്തിലെ ഇംഗ്ലീഷ് ഭാഷാ നിലവാരവും ശൈലിയും വ്യാകരണ പിശകുകളും വെച്ച് അത് ഹിന്ദു എഡിറ്റർ പരിഭാഷപ്പെടുത്തിയതാവാൻ ഒട്ടും സാധ്യത കാണുന്നുമില്ല.
5. ദി ഹിന്ദു 1921ൽ ഏറനാട്ടിലോ വള്ളുവനാട്ടിലോ ഒന്നും പ്രചാരത്തിൽ ഉണ്ടായിരുന്ന പത്രമല്ല. യഥാർത്ഥത്തിൽ, 1878ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ടി. മുത്തുസ്വാമി അയ്യരെ നിയമിക്കാനുള്ള കാമ്പയിന് ശക്തി പകരാനും, അയ്യർക്ക് എതിരെയുള്ള ഇംഗ്ലീഷ് ഇന്ത്യൻ മാധ്യമങ്ങളുടെ കാമ്പയിനുകളെ പ്രതിരോധിക്കാനുമായി ‘ട്രിപ്ലിക്കെയിൻ സിക്സ്’ എന്നറിയപ്പെട്ടിരുന്ന ആറ് പേർ ചേർന്ന് ആരംഭിച്ച ഒരു പ്രൊപ്പോഗാണ്ട പേപ്പർ ആയിരുന്നു ദി ഹിന്ദു. ആദ്യ പേജിലും അവസാന മൂന്ന് പേജിലും പരസ്യങ്ങൾ മാത്രവും നടുക്കുള്ള പേജുകളിൽ വാർത്തകളേക്കാൾ അധികം വീക്ഷണങ്ങളും കൊടുക്കുന്ന ശൈലി ആയിരുന്നു പിന്തുടർന്നത്. 1898ഓട് കൂടി നഷ്ടം താങ്ങാനാവാതെ സ്ഥാപക പാർട്ണർഷിപ് പിരിയുകയും പത്രം വീരരാഘവാചാര്യരുടെ മാത്രം ബാധ്യതയാവുകയും ചെയ്തു. അദ്ദേഹത്തിൽ നിന്ന് 1905ൽ പത്രം കസ്തൂരി രംഗൻ അയ്യങ്കാർ വാങ്ങി. അക്കാലത്ത് വെറും 800 കോപ്പികൾ മാത്രമായിരുന്നു ഹിന്ദുവിന്റെ ആകെ സർക്കുലേഷൻ. തുടർന്നുള്ള വർഷങ്ങളിൽ പതിയെ അയ്യങ്കാർ പത്രത്തിന്റെ നഷ്ടങ്ങൾ നികത്തി. അദ്ദേഹത്തിന്റെ മരണ ശേഷം 1923ൽ മകൻ കസ്‌തൂരി ശ്രീനിവാസൻ മാനേജിങ് ഡയരക്ടർ ആയി ചുമതലയേറ്റു. അതിനെ തുടർന്നാണ് ദി ഹിന്ദു ആദ്യമായി റോട്ടറി പ്രസ് സ്വന്തമാക്കുന്നതും അച്ചടി വർദ്ധിപ്പിക്കുന്നതും. അതായത് മലബാർ കലാപത്തിന് ഒരു വർഷത്തിന് ശേഷം. അത് വരെ മദിരാശിയിലെ കുറ്റിയിൽ കറങ്ങുന്ന ഒരു കുഞ്ഞു ലോക്കൽ പത്രം മാത്രമായിരുന്നു ദി ഹിന്ദു. നൂറ് കോപ്പികൾ അച്ചടിച്ചു തുടങ്ങിയ കാലത്തേ മൗണ്ട് റോഡിൽ ഉണ്ടായിരുന്ന വാടക കെട്ടിടത്തിൽ നിന്ന് കുറച്ചു കൂടി സൗകര്യമുള്ള സ്വന്തം കെട്ടിടത്തിലേക്ക് പത്രാസ്‌ഥാനം മാറുന്നത് പോലും 1939ൽ മാത്രമാണ് എന്നോർക്കണം. അങ്ങനെയിരിക്കെ 1921ൽ ഏറനാട്ടിൽ ഇരുന്ന് കലാപത്തിനിടയിൽ സമയം കണ്ടെത്തി ഇംഗ്ലീഷ് അറിയാത്ത വാര്യംകുന്നത് ഹാജി അവിടെ പ്രചാരത്തിൽ ഇല്ലാത്ത ദി ഹിന്ദു വായിച്ചു രോഷം കൊള്ളുകയും, അതിനെതിരെ ബ്രിട്ടീഷുകാർ മാനേജ് ചെയ്തിരുന്ന തപാൽ വകുപ്പിനെ ആശ്രയിച്ചു എഡിറ്റർക്ക് ഒരു കത്തയക്കുകയും, നിലവിലേ ഇല്ലാത്ത “വെറും ഹിന്ദു” എന്ന പത്രത്തിന്റെ എഡിറ്റർ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു എന്നത് വളരെ വിസ്മയകരമാണ്.
6. ‘ഇത് പ്രസിദ്ധീകരിച്ചില്ലെങ്കിൽ നിങ്ങളെനിക്ക് വിശദീകരണം തരേണ്ടി വരും’ എന്ന ഭീഷണി ഭാഷയിൽ അവസാനിപ്പിക്കുന്ന ഒരു കത്ത് മുഖാന്തിരം വാര്യംകുന്നത് ഹാജി തങ്ങളുടെ എഡിറ്ററെ വിരട്ടി എന്നും, എഡിറ്റർ വിരണ്ടു എന്നും, പേടിച്ച് കത്ത് പ്രസിദ്ധീകരിച്ചു എന്നും ദി ഹിന്ദു ഇന്ന് രാവിലെ വരെ സമ്മതിച്ചിരുന്നില്ല.
7. ഇപ്പോൾ, ഈ പോസ്റ്റ് എഴുതി കൊണ്ടിരിക്കുമ്പോൾ, ഇന്ന് ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച കെ.എസ്. സുധിയുടെ ആർട്ടിക്കിൾ കണ്ടു. അതിൽ ഹിന്ദു ആർക്കൈവ്സിൽ ഇങ്ങനൊരു കത്തുണ്ടെന്ന് പറയുന്നു. ആർട്ടിക്കിളിനൊപ്പം കൊടുത്തിട്ടുള്ള കത്തിന്റെ ഇമേജിൽ പന്തല്ലൂരിന് പകരം പന്തളം എന്ന് കൊടുത്ത അബദ്ധം അടക്കം തിരുത്തി കത്ത് കുറച്ചു കൂടി വിശ്വാസ യോഗ്യം ആക്കിയിട്ടുണ്ട്.
എൻ്റെ അന്വേഷണത്തിൽ എനിക്ക് മനസ്സിലായത് ഈ കത്ത് ഇടത് ചരിത്രകാരനും മാർക്സിസ്റ്റ് സ്കൂൾ ഓഫ് ഹിസ്റ്റീരിയോഗ്രാഫി പിന്തുടരുന്നയാളെന്ന് സ്വയം അംഗീകരിക്കുന്നയാളും മലബാർ കലാപത്തെ കാർഷിക വിപ്ലവമാക്കാൻ ഏറ്റവുമേറെ പണിയെടുത്തിട്ടുള്ളയാളുമായ കെ.എൻ. പണിക്കരുടെ കണ്ടെത്തൽ ആണെന്നാണ്.
2015ൽ പ്രസിദ്ധീകരിക്കപ്പെട്ട എം.ടി. അൻസാരിയുടെ ‘Islam and Nationalism in India: South Indian contexts’ എന്ന കൃതിയിൽ ആണ് സമീപ കാലത്ത് ഈ കത്ത് പ്രത്യക്ഷപ്പെടുന്നത്.
അതിന് അൻസാരി കൊടുക്കുന്ന റെഫറൻസ് കെ.എൻ. പണിക്കർ; 1990 എന്നാണ്.
അതായത് കെ.എൻ. പണിക്കരുടെ 1989ൽ പുറത്തിറങ്ങിയ Against Lord and State: Religion and Peasant Uprisings in Malabar ആണ് പബ്ലിക് ഡൊമൈനിലെ ഈ കത്തിന്റെ മൂലം.
പണിക്കരുടെ പുസ്തകത്തിൽ ആവട്ടെ Hindu archives ആണ് സോഴ്സ് ആയി അവകാശപ്പെടുന്നതും.
സ്വാഭാവികമായും അവിടെ അപ്പോൾ ഉയരുന്ന ചോദ്യം അതിന്റെ പ്രോവനൻസിനെ സംബന്ധിച്ചാണ്.
1921ൽ പ്രസിദ്ധീകരിക്കപ്പെട്ട കത്ത് 1989ൽ പണിക്കർ ചരിത്രം എഴുതുന്നത് വരെയുള്ള ഏതാണ്ട് എഴുപത് കൊല്ല കാലം ആരുടേയും കണ്ണിൽ പെടാതെ മറഞ്ഞിരുന്നത് എങ്ങനെയാണ്?
അതിനിടയിൽ മലബാർ കലാപത്തിന്റെ ചരിത്രം എഴുതിയ അനവധി ചരിത്രകാരന്മാരും കൃതികളും അങ്ങനെയൊരു കത്തിനെ പറ്റി അറിയാതിരുന്നതോ മൗനം പാലിച്ചതോ എന്ത് കൊണ്ടാണ്?
എന്നിട്ട് 1989ൽ പണിക്കരോ 2015ൽ അൻസാരിയോ പോലും പുറത്തു വിടാത്ത ആ കത്തിന്റെ ഒറിജിനൽ എങ്ങനെയാണ്, അവർ reproduce ചെയ്ത പകർപ്പിലെ തെറ്റുകൾ വരെ തിരുത്തി കൊണ്ട്, നൂറ് കൊല്ലത്തിനു ശേഷം ഈ 2020ൽ വാര്യംകുന്നൻ സിനിമ ഇറങ്ങുന്നതിനു മുമ്പായി പൊടുന്നനെ പ്രത്യക്ഷപ്പെടുകയും കാത്തിരുന്നു കിട്ടിയ പോലെ ആഘോഷിക്കപ്പെടുകയും ചെയ്യുന്നത്??
എന്തോ എവിടെയോ ഒരു തകരാറ് പോലെ!
എന്നാൽ ഇതൊന്നുമല്ല ഇതിലെ ഏറ്റവും പ്രധാന ചോദ്യം.
ഇനി ശരിക്കും വാര്യംകുന്നത് ഹാജി തന്നെ താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും, മത പരിവർത്തനവും കൊലപാതകവും ബലാത്സംഗവും ഒക്കെ നടത്തിയത് പട്ടാളക്കാർ തന്നെയാണെന്നും, താൻ പച്ച വെള്ളം ചവച്ചു മാത്രം കുടിക്കുന്ന സാധു ആണെന്നും പറഞ്ഞൊരു കത്തെഴുതി അത് വിരട്ടി പ്രസിദ്ധീകരിപ്പിച്ചാൽ തന്നെ അത് കൊണ്ട് അയാൾ നിരപരാധി ആവുമോ എന്നതാണ്?
ബിൻലാദൻ അബോട്ടാബാദിലെ ഒളിവു സങ്കേതത്തിൽ ഇരുന്ന് ‘ഞാനൊരു തെറ്റും ചെയ്തിട്ടില്ല മക്കളേ’ എന്ന ശൈലിയിൽ വാഷിങ്ടൺ പോസ്റ്റിനു ഒരു കത്തയക്കുകയും, അതിൽ വേൾഡ് ട്രേഡ് സെന്റർ ആക്രമണം ഉൾപ്പെടെ അമേരിക്കൻ സൈന്യത്തിന്റെ തന്നെ ഗൂഢാലോചന ആയിരുന്നു എന്ന് ആരോപിക്കുകയും, വാഷിംഗ്‌ടൺ പോസ്റ്റ് അത് പ്രസിദ്ധീകരിക്കുകയും ചെയ്‌താൽ അതോടെ ലാദൻ നിഷ്കളങ്കൻ ആവുമോ?
പ്രതി കുറ്റം നിഷേധിക്കുന്നതും സകലതിനും പോലീസിനെ പഴിക്കുന്നതും പുതുമയുള്ള ഒരു സംഭവം എങ്കിലുമാണോ?!
ഉത്തരം വായിക്കുന്നവരുടെ സാമാന്യ ബുദ്ധിക്ക് വിടുന്നു.
വാര്യംകുന്നത്ത് ഫാൻസ് തങ്ങളുടെ ആരാധ്യ നേതാവായ കൊലയാളി ഹാജിയുടെ നിഷ്കളങ്കതക്കും മതേതര ബോധത്തിനും സർവ്വോപരി ബഹുഭാഷാ…
Posted by Sanku T Das on Thursday, June 25, 2020
Discussion about this post