എറണാകുളം : വയനാട് പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കേസിലെ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് കാലതാമസം വരുത്താതെ അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഏപ്രിൽ ആറിനായിരുന്നു സിദ്ധാർത്ഥിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐ ആരംഭിച്ചിരുന്നത്. സിബിഐ എസ്പി ആയ എം സുന്ദർവേലിന്റെ നേതൃത്വത്തിൽ ആണ് അന്വേഷണം നടക്കുന്നത്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിലെ ഗൂഢാലോചനയെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകുമെന്നും സിബിഐ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 18നാണ് പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിൽ വച്ച് ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർത്ഥിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. പതിനാറാം തീയതി മുതൽ എസ്എഫ്ഐ പ്രവർത്തകരായ സഹപാഠികളിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ക്രൂരമർദ്ദനവും റാഗിങ്ങും ആണ് സിദ്ധാർത്ഥിന്റെ മരണത്തിലേക്ക് നയിച്ചത്. കേരള പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാണിച്ചു സിദ്ധാർത്ഥിന്റെ കുടുംബം ആവശ്യപ്പെട്ട പ്രകാരമാണ് സിബിഐ ഈ കേസ് ഏറ്റെടുത്തത്.
Discussion about this post