എറണാകുളം : വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് വൈസ് ചാൻസലറെ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു. എസ്എഫ്ഐക്കാരായ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനമേറ്റ് സിദ്ധാർത്ഥ് മരിച്ച സംഭവത്തെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് വൈസ് ചാൻസലർക്കെതിരെ നടപടി സ്വീകരിച്ചിരുന്നത്. പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന ഡോ. എം ആർ ശശീന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്ത നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്.
തന്നെ സസ്പെൻഡ് ചെയ്യാൻ ചാൻസലർ ആയ ഗവർണർക്ക് അധികാരമില്ലെന്ന് കാട്ടി ഡോ. എം ആർ ശശീന്ദ്രനാഥ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിദ്ധാർത്ഥ് എസ്എഫ്ഐക്കാരുടെ മർദ്ദനത്തിന് ഇരയായിരുന്നത് താൻ അറിഞ്ഞിരുന്നില്ല എന്നാണ് ഹർജിയിൽ വൈസ് ചാൻസലർ സൂചിപ്പിച്ചിരുന്നത്. ഈ വാദവും കോടതി തള്ളിക്കളയുകയായിരുന്നു. ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബഞ്ച് ആണ് വൈസ് ചാൻസലറുടെ ഹർജി തള്ളിയത്.
കഴിഞ്ഞ ഫെബ്രുവരി 18നാണ് പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിൽ വച്ച് തൂങ്ങിമരിച്ച നിലയിൽ സിദ്ധാർത്ഥിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. പതിനാറാം തീയതി മുതൽ എസ്എഫ്ഐ പ്രവർത്തകരായ സഹപാഠികളിൽ നിന്നും ക്രൂരമർദ്ദനമായിരുന്നു സിദ്ധാർത്ഥിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത് എന്ന് പിന്നീട് കണ്ടെത്തി. എന്നാൽ സിദ്ധാർത്ഥിന്റെ മരണശേഷം ഫെബ്രുവരി 21ന് മാത്രമാണ് ആന്റി റാഗിംഗ് സെൽ നൽകിയ റിപ്പോർട്ട് അനുസരിച്ച് സിദ്ധാർത്ഥിന് നേരെ മർദ്ദനം ഉണ്ടായതായി അറിഞ്ഞത് എന്നാണ് ഡോ. എം ആർ ശശീന്ദ്രനാഥ് കോടതിയിൽ വാദിച്ചത്. വൈസ് ചാൻസലറുടെ ഈ വാദം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post