ബെയ്ജിങ് : ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനം ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൈന.ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ സാവോ ലിജിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐടി ആക്റ്റിന്റെ 69 എ വകുപ്പ് പ്രകാരമാണ് ടിക്ടോക്ക് അടക്കമുള്ള 59 ആപ്പുകൾ ഇന്ത്യ ഇന്നലെ നിരോധിച്ചത്.
നിരോധിച്ച ആപ്പുകളെല്ലാം ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും എതിരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി സർക്കാരെടുത്തത്.59 ചൈനീസ് ആപ്പുകൾ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് ഇന്ത്യൻ ഇന്റലിജെൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു.ഈ റിപ്പോർട്ടുകൾ ലഭിച്ചതിനു പിന്നാലെയാണ് ചൈനയുടെ 59 ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന ടിക്ടോക്കിനു പുറമെ യുസി ബ്രൗസെർ, എക്സെന്റർ, യൂക്യാം പെർഫെക്ട് എന്നീ ആപ്പുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നുണ്ട്.
Discussion about this post