ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ലഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി വരികയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. പഴുതടച്ച അന്വേഷണം നടത്തും. ഒറ്റപ്പെട്ട സംഭമല്ലെന്ന് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കുറ്റം ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടും. ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. കൈകഴുകി രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.
വിമാനത്താവളങ്ങള്‍ കേന്ദ്രത്തിന് കീഴിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടു തന്നെയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടപ്പെട്ടവരുടെ സംരക്ഷണത്തില്‍ നടന്ന കള്ളക്കടത്ത് പിടികൂടിയത്. തുടര്‍നടപടികള്‍ ഉണ്ടാകും. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ എന്തു ചെയ്യും എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹം. കസ്റ്റംസിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വഴിയില്‍ പറയുന്ന കാര്യം ഏറ്റുപറയുകയാണോ ചെയ്യേണ്ടത്. സ്വന്തം വകുപ്പിലെ ജീവനക്കാരിയാണ് പ്രതി. കരാര്‍ ജീവനക്കാരി മാത്രമായിട്ടുള്ള ആള്‍ പൊതുപരിപാടികളുടെ മുഖ്യസംഘാടനകയായത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ പ്രധാനമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനു പിന്നാലെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കസ്റ്റംസ് വിഭാഗത്തോടും നികുതി വിഭാഗത്തോടും കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇരുവരും തേടി. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്‌നയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കണ്ടെത്തിയത്. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്വപ്‌നയ്ക്കായി തെരച്ചില്‍ തുടരുകയാണ്.
.കേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തും സ്വപ്‌നയും തിരുവനന്തപുരത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോള്‍ തന്നെ ഇരുവരും ഡിപ്‌ളോമിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വഴിവിട്ടബന്ധങ്ങളുടെ പേരില്‍ ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീടും ഇവര്‍ കള്ളക്കടത്ത് തുടര്‍ന്നു. വിമാനത്താവളത്തില്‍ ബാഗ് എത്തിയാല്‍ ക്ലിയറിംഗ് ഏജന്റിന് മുന്നില്‍ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. ഇതിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല .നയതന്ത്ര ബാഗാണ് എന്നതിനുള്ള സാക്ഷിപത്രവും ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങള്‍ സ്വപ്‌ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വര്‍ണം ഇവര്‍ ആര്‍ക്കാണ് കൈമാറുന്നത് എന്നതടക്കം വിഷയങ്ങളില്‍ കസ്റ്റംസ് അന്വേഷണം തുടരുകയാണ്. സ്വപ്‌നയ്ക്കും സരിത്തിനു കോടികളുടെ ആസ്തിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.












