പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണ്ണമായി ന്യായീകരിച്ചും അണികളെ കർശനമായി ഓർമ്മിപ്പിച്ചും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്ത്. സ്ഥാനാർത്ഥികളെ സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ പോലും പാർട്ടി പ്രവർത്തകർ വോട്ട് മാറ്റി ചെയ്യാമോ എന്ന് ചോദിച്ച അദ്ദേഹം, സ്ഥാനാർത്ഥി ആരായാലും പ്രവർത്തകർ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണമായിരുന്നുവെന്ന് ദില്ലിയിൽ വ്യക്തമാക്കി.
ഏത് സാഹചര്യത്തിലാണെങ്കിലും പാർട്ടിക്ക് എതിരായി നിൽക്കുന്നത് വലിയ തെറ്റാണെന്ന് അണികൾ മനസ്സിലാക്കണമെന്നും, പരാതികൾ പാർട്ടിക്കുള്ളിൽ മാത്രമായിരുന്നു പറയേണ്ടിയിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ പാർട്ടി നിലവിൽ ആന്തരിക ചികിത്സയിലാണെന്നും ചിലപ്പോൾ കടുത്ത ചവിട്ടിപ്പിഴിയൽ തന്നെ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി പ്രവർത്തകർക്ക് തെറ്റ് പറ്റിയെന്ന പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച എം.എ. ബേബി, അത്തരമൊരു സാഹചര്യം ഉണ്ടാകാൻ പാർട്ടിയുടെ ഭാഗത്തുനിന്നുള്ള നിലപാടുകൾ കാരണമായോ എന്ന് സ്വയം പരിശോധിക്കുമെന്നും അറിയിച്ചു. എല്ലാ തലത്തിലും കൂട്ടായ പ്രവർത്തനം ഉറപ്പാക്കാൻ പോളിറ്റ് ബ്യൂറോ തീരുമാനിച്ചിട്ടുണ്ടെന്നും ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നേതൃമാറ്റം എന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച അജണ്ട മാത്രമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, പാർട്ടിയിൽ തുടർച്ചയായ തിരുത്തലുകൾ അനിവാര്യമാണെന്നും ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയായ ചില പ്രവണതകൾ പാർട്ടിയിലും കടന്നുകൂടിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.








