കോഴിക്കോട്: ഒന്നരക്കോടി രൂപയുടെ സ്വർണ്ണം കടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായ മൂന്ന് പേർക്കെതിരെ കുറ്റം ചുമത്തി. മൂന്ന് പ്രതികളിൽ നിന്നുമായി 3.3 കിലോഗ്രാം സ്വർണ്ണം പിടികൂടിയതായി എയർപോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം റാസൽഖൈമയിൽ നിന്നും എത്തിയ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ജിഷാറിൽ നിന്നും അരക്കിലോ സ്വർണ്ണം പിടികൂടിയിരുന്നു. ജീൻസിന്റെ അരപ്പട്ടയിൽ കുഴമ്പ് പരുവത്തിലാക്കിയായിരുന്നു ഇയാൾ സ്വർണ്ണം സൂക്ഷിച്ചിരുന്നത്.
രണ്ട് കിലോ സ്വർണ്ണം കടത്താൻ ശ്രമിച്ച അബ്ദുൾ ജലീലിനെയും പിടികൂടിയിരുന്നു. ഇയാളും യുഎഇയിൽ നിന്നും എത്തിയതായിരുന്നു.
അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് 800 ഗ്രാം സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസും പിടിയിലായിരുന്നു. ഇയാൾ ഖത്തറിൽ നിന്നുമാണ് എത്തിയതെന്ന് എയർപോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു.












