ചെന്നൈ : ചൈനയുടെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സേതുസമുദ്രം പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ഡിഎംകെ നേതൃത്വം.ഡിഎംകെയുടെ മുതിർന്ന നേതാവും എംപിയുമായ ടി.ആർ ബാലുവാണ് 2024 ജനുവരിയ്ക്കു മുമ്പ് പദ്ധതി പൂർത്തിയാക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക് കടലിടുക്കിൽ ഷിപ്പിംഗ് കനാൽ നിർമിക്കുന്നതിനായുള്ള പദ്ധതിയാണ് സേതുസമുദ്രം.ചൈനയും ശ്രീലങ്കയുമായുള്ള അടുപ്പം വർദ്ധിച്ചു വരികയാണെന്നും ഇങ്ങനെയൊരു സാഹചര്യത്തിൽ അധികം വൈകാതെ തന്നെ സേതുസമുദ്രം പദ്ധതി പൂർത്തിയാക്കണമെന്നും ടി.ആർ ബാലു പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്.സേതുസമുദ്രം പദ്ധതി പൂർത്തിയായാൽ ഇന്ത്യൻ കപ്പലുകൾക്ക് പടിഞ്ഞാറൻ തീരത്തു നിന്ന് കിഴക്കൻ തീരത്തേക്ക് ശ്രീലങ്ക ചുറ്റാതെയെത്താൻ സാധിക്കും.








