ജയ്പുർ: കോൺഗ്രസ്സ് നേതൃത്വത്തിന്റെ അവഹേളനത്തിനെതിരെ പ്രതികരിച്ചതിന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിന് പിന്നാലെ പാർട്ടി വിടാനൊരുങ്ങി യുവനേതാവ് സച്ചിൻ പൈലറ്റ്.
ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അദ്ധ്യക്ഷ പദവിയിൽ നിന്നും നീക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് അംഗമെന്ന വിവരണം സച്ചിന്‍ ട്വിറ്റര്‍ ബയോയില്‍നിന്ന് നീക്കം ചെയ്തു. ‘സത്യത്തെ അപമാനിക്കാം, എന്നാൽ തോൽപ്പിക്കാനാവില്ലെന്ന്‘ അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
सत्य को परेशान किया जा सकता है पराजित नहीं।
— Sachin Pilot (@SachinPilot) July 14, 2020
രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അശോക് ഗെഹ്ലോട്ടിനെ മാറ്റാതെ ഒരു ഒത്തു തീർപ്പിനും തയ്യാറല്ലെന്ന നിലപാടിൽ സച്ചിൻ ഉറച്ച് നിന്നതോടെയാണ് കോൺഗ്രസ്സ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. പാർട്ടിയിലെ യുവാക്കൾ നേരിടുന്ന അവഹേളനം സച്ചിൻ പൈലറ്റ് പരസ്യമായി ചൂണ്ടിക്കാട്ടിയതും നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
അതേസമയം സച്ചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് ഓം മാഥുർ അറിയിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിശ്വാസവോട്ടെടുപ്പിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘സച്ചിന്‍ പൈലറ്റിനായി ബിജെപി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ സ്വീകരിക്കാനും അംഗീകരിക്കാനും ആഗ്രഹിക്കുന്ന ആര്‍ക്കും ബി.ജെ.പിയിലേക്ക് സ്വാഗതം‘- മാഥുർ അറിയിച്ചു. വിവിധ മേഖലകളിലുള്ളവര്‍ പാര്‍ട്ടിയില്‍ ചേരുകയും ആദര്‍ശങ്ങളില്‍ വിശ്വസിക്കുകയും ചെയ്തതിനാലാണ് ബി.ജെ.പി വലിയ പാര്‍ട്ടിയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കോൺഗ്രസ്സിൽ യുവാക്കൾ നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ സംസ്ഥാനത്ത് ഭരണമാറ്റത്തിന് കാരണമായിരുന്നു. സിന്ധ്യയുടെ വഴിയേ സച്ചിനും ബിജെപിയിൽ ചേർന്നാൽ അത് ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ്സിന്റെ അടിത്തറ ഇളക്കുന്ന പ്രഹരമായിരിക്കും.










