ഡൽഹി: അതിർത്തിയിലെ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ സേനാ പിന്മാറ്റത്തിന് തയ്യാറാക്കിയ മാർഗ്ഗരേഖകളിൽ വെള്ളം ചേർത്ത് ചൈന. പാംഗോംഗ് സോയിലെ ഫിംഗർ ഫോർ മേഖലയിൽ നിന്നും പിന്മാറാൻ ചൈന വിസമ്മതിക്കുന്നതായാണ് വിവരം. വ്യവസ്ഥകൾ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ അതിർത്തിയിൽ ഇന്ത്യ സേനാ വിന്യാസം ശക്തമാക്കിയതായാണ് സൂചന. ചൈനീസ് സൈന്യം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ സേന ടാങ്കുകൾ വിന്യസിച്ചു കഴിഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഈ മാസം പതിനേഴിനും പതിനെട്ടിനും ലഡാക്ക് സന്ദർശിക്കുന്നുണ്ട്. നോർത്തേൺ കമാൻഡ് മേധാവി ലഫ്റ്റന്റ് ജനറൽ വൈ കെ ജോഷി ഡൽഹിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹം ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് അതിർത്തിയിലെ സാഹചര്യം വിശദീകരിക്കും.
ഇന്ത്യൻ മേഖലകളിലേക്ക് കടന്നു കയറിയാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇന്ത്യ നേരത്തെ തന്നെ ചൈനക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യവസ്ഥകൾ ലംഘിക്കാൻ ചൈന തുനിഞ്ഞാൽ നേരിടുന്നതിനായി 60000 സൈനികരെയാണ് കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സജ്ജരാക്കി നിർത്തിയിരിക്കുന്നത്. ടാങ്കുകൾ, അപ്പാച്ചെ ഹെലികോപ്റ്ററുകൾ, സുഖോയ് പോർവിമാനങ്ങൾ, ചിനൂക്- രുദ്ര ഹെലികോപ്റ്ററുകൾ എന്നിവയും ഇന്ത്യൻ സജ്ജമാക്കിയതയാണ് റിപ്പോർട്ട്.
പതിനഞ്ച് മണിക്കൂർ നീണ്ടു നിന്ന നാലാം ഘട്ട മാരത്തോൺ കോർ കമാൻഡർതല ചർച്ചകളുടെ പുരോഗതി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിലയിരുത്തിയിരുന്നു. സ്ഥിതിഗതികളെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത് എന്നാണ് വിവരം.








