തിരുവനന്തപുരം: അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജിലെ ഓണാഘോഷത്തിനിടെ ഫയര്‍ എഞ്ചിനില്‍ കയറിയ വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസെടുത്തു. വാഹനറാലി നടത്തി റോഡില്‍ മാര്‍ഗതടസം ഉണ്ടാക്കി, വാഹനത്തിന് മുകളില്‍ കയറിയിരുന്ന് യാത്ര ചെയ്തു തുടങ്ങീ കുറ്റങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓണാഘോഷ കമ്മിറ്റിയുടെ കണ്‍വീനര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനം അനുവദിച്ചതുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.സ്റ്റേഷന്‍ ഓഫിസര്‍ ടി. ഗോപകുമാര്‍, ലീഡിങ് ഫയര്‍മാന്‍മാരായ ബി. യേശുദാസന്‍, പി.ടി. ദിലീപ്, എസ്. സോമരാജന്‍, എന്‍. രാജേഷ്, കെ.ശ്യാംകുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗതാഗത നിയന്ത്രണത്തിന് ചുമതലപ്പെടുത്തിയിരുന്ന ഹോംഗാര്‍ഡിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് കോട്ടയം അസിസ്റ്റന്റ് ഡിവിഷനല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമാന്‍ഡന്റ് ജനറല്‍ ഡോ. ജേക്കബ് തോമസ് നടപടി എടുത്തത്. സ്വകാര്യ ആഘോഷങ്ങള്‍ക്ക് ഫയര്‍ എന്‍ജിന്‍ വിട്ടുകൊടുക്കാന്‍ ചട്ടമില്ല. മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് മഴനൃത്തം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ കൂടെ നിന്ന് വെള്ളം പമ്പ് ചെയ്തുകൊടുക്കുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട പ്രകാരം ഘോഷയാത്രയുടെ സംരക്ഷണത്തിനാണ് ഫയര്‍ എന്‍ജിന്‍ കൊടുത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിനായി 7000 രൂപ വിദ്യാര്‍ഥികള്‍ അടച്ചതായും പറയുന്നു. എന്നാല്‍, കോട്ടയം അസിസ്റ്റന്റ് ഡിവിഷനല്‍ ഓഫിസര്‍ നടത്തിയ പരിശോധനയില്‍ ഇതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. രഹസ്യാന്വേഷണ വിഭാഗം സി.ഐയുടെ നേതൃത്വത്തിലുള്ള തെളിവെടുപ്പിലും സമാന കണ്ടത്തെലാണുണ്ടായത്.
Discussion about this post