തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നു കെെമാറിയേക്കും. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
പ്രതികള്‍ സെക്രട്ടറിയേറ്റിലെത്തി ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്നു അന്വേഷിക്കും. സെക്രട്ടറിയേറ്റിലെ സുരക്ഷാ ക്യാമറകള്‍ പൊതുഭരണ വകുപ്പിനു കീഴിലാണ്. വ്യാഴാഴ്ച രാവിലെയാണ് എന്‍ഐഎ ഡിവെെഎസ്പി സെക്രട്ടറിയേറ്റിലെത്തി ക്യാമറാദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കു കത്ത് നല്‍കിയത്.
പൊതുഭരണവകുപ്പിലെ ഹൗസ് ക്ലീനിങ് ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി പി.ഹണിയെയും എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ കെെമാറാമെന്ന് പൊതുഭരണവകുപ്പ് ഇന്നലെ തന്നെ അറിയിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കെെമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ പറഞ്ഞിരുന്നു.
Discussion about this post