ജയ്പുർ: രാജസ്ഥാൻ രാഷ്ട്രീയത്തിൽ അതിനാടകീയ നീക്കങ്ങൾ. സച്ചിൻ പൈലറ്റിനെയും ഒപ്പമുള്ള 18 എം എൽ എമാരെയും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി പാടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കേസിലെ അന്തിമ വിധി പ്രസ്താവം മാറ്റി വെച്ചു. അയോഗ്യതയുമായി ബന്ധപ്പെട്ട കേസായതിനാൽ കേന്ദ്രത്തെക്കൂടി കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് വിമതപക്ഷം അവസാന നിമിഷം നൽകിയ ഹർജി പരിഗണിച്ചാണ് കോടതി അസാധാരണമായ നടപടി സ്വീകരിച്ചത്.
കേസിൽ കേന്ദ്രത്തെ കക്ഷി ചേർക്കാനുള്ള സച്ചിൻ പൈലറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചത് കോൺഗ്രസ്സ് ഔദ്യോഗിക പക്ഷത്തിന് കടുത്ത തിരിച്ചടിയായി. ഭരണഘടനയുടെ പത്താം ഷെഡ്യൂളുമായി ബന്ധപ്പെട്ട കേസായതിനാൽ ഇതിൽ കേന്ദ്രനിലപാട് നിർണായകമാണെന്നും, അത് കേൾക്കാൻ തയ്യാറാകണമെന്നുമായിരുന്നു സച്ചിന്റെ ഹർജി.
കേസിലെ കോടതിയുടെ തീരുമാനം നിർണ്ണായക നീക്കങ്ങൾ നടത്താൻ സച്ചിൻ പൈലറ്റിന് അവസരം തുറന്നിടുന്നതാണ്. കേന്ദ്രത്തിന്റെ അഭിപ്രായം നിർണ്ണായകമാകുന്ന കേസിൽ കോൺഗ്രസ്സ് അക്ഷരാർത്ഥത്തിൽ കളം നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ബിജെപിയിൽ ചേരാനില്ലെന്ന് സച്ചിൻ പൈലറ്റ് ആവർത്തിക്കുമ്പോഴും കാര്യങ്ങളുടെ പോക്ക് ആ വഴിക്കു തന്നെയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.










