കൊച്ചി: തിരുവനന്തപുരം സ്വർണം കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തുടർച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ്. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും എം ശിവശങ്കറും എൻഐഎ ഓഫീലിലെത്തി. പത്ത് മണിക്ക് തന്നെ ചോദ്യം ചെയ്യൽ ആരംഭിച്ചു.
എൻഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതൽ പ്രോസിക്യൂട്ടര്‍ അടക്കമുള്ളവര്‍ വരെ സംഘത്തിലുണ്ട്. മൊഴികളിലെ പൊരുത്തക്കേടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും എം ശിവശങ്കറിന് പ്രതികളുമായി ബന്ധത്തിന്‍റെ വിശദാംശങ്ങളുമെല്ലാം വിശദമായി വിലയിരുത്തുകയാണ് ദേശീയ അന്വേഷണ ഏജൻസി.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമാണെന്നാണ് എം ശിവശങ്കർ ആവര്‍ത്തിക്കുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു സഹായവും പ്രതികൾക്ക് നൽകിയിട്ടില്ലെന്ന് എം ശിവശങ്കര്‍ പറയുന്നു. ഫോൺ വിളി വിശദാശങ്ങൾ പരിശോധിക്കാമെന്നും എൻഐഎ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിനായാണ് വിളിച്ച് വരുത്തിയതെങ്കിലും കേസിൽ ഏതെങ്കിലും സാഹചര്യത്തിൽ എം ശിവശങ്കര്‍ പ്രതിപ്പട്ടികയിലേക്ക് എത്തുമോ എന്നും ദേശീയ അന്വേഷണ ഏജൻസി വിശദമായി പരിശോധിക്കും. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പഴുതടച്ച അന്വേഷണം അതും അതീവ ജാഗ്രതയോടെ മുന്നോട്ട് കൊണ്ട് പോകാനാണ് എൻഐഎ തീരുമാനം.
തിരുവനന്തപുരത്ത് വച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായി കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത് അനുസരിച്ച് ഇന്നലെയാണ് എം ശിവശങ്കര്‍ കൊച്ചിയിലെത്തിയത്. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പനമ്പള്ളി നഗറിലെ ഹോട്ടൽ മുറിയിലാണ് എം ശിവശങ്കര്‍ തങ്ങിയത്. എൻഐഎ നിരീക്ഷണത്തിലായിരുന്നു താമസം. എൻഐഎ ഉദ്യോഗസ്ഥരിൽ ചിലരും ഇതേ ഹോട്ടലിൽ തന്നെയാണ് തങ്ങിയിരുന്നത്.
Discussion about this post