ഡൽഹി : സോണിയ ഗാന്ധി വിളിച്ച രാജ്യസഭ എം.പിമാരുടെ യോഗത്തിൽ നേതാക്കൾ ഏറ്റുമുട്ടി.രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുമ്പോഴും കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷമാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.രണ്ടാം യുപിഎ സർക്കാരിന്റെ വീഴ്ചയാണ് ഇപ്പോഴത്തെ പാർട്ടിയുടെ പതനത്തിനു കാരണമെന്ന് മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും രാഹുൽ ഗാന്ധിയുടെ ഏറ്റവുമടുത്ത വിശ്വസ്തനുമായ രാജീവ് സത്വ വിമർശിച്ചതാണ് നേതാക്കൾ തമ്മിലുള്ള കലഹത്തിനു തുടക്കം കുറിച്ചത്.ഈ വിമർശനത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
നിലവിലെ സാഹചര്യത്തിൽ നിന്നുമൊരു മാറ്റം ഉണ്ടാകണമെങ്കിൽ രാഹുൽ ഗാന്ധി മടങ്ങി വരണമെന്നായിരുന്നു രാജീവ് സത്വയുടെ ആവശ്യം.രാജീവ് സത്വയെ കെ.സി വേണുഗോപാലും പിന്തുണച്ചു.പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് സോണിയ ഗാന്ധി.നാലു മണിക്കൂറോളമാണ് സോണിയ ഗാന്ധി വിളിച്ച വെർച്വൽ യോഗം നീണ്ടു നിന്നത്.








