മംഗലാപുരം: ഇതര സമൂദായത്തില്‍പെട്ട യുവതിയോട് സംസാരിച്ചതിന് സഹപ്രവര്‍ത്തകനായ യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈന്ദവ സംഘടനയായ ബാജ്റംഗ് ദളിന്റെ പ്രവര്‍ത്തകരായ 14 പേരെ അറസ്റ്റ് ചെയ്തു. മംഗലാപുരത്താണ് സംഭവം. ഒരു വ്യാപാര സ്ഥാപനത്തിലെ മാനേജരാണ് ആക്രമിക്കപ്പെട്ട യുവാവ്. അതേ സ്ഥാപനത്തിലെ സെയില്‍സ് ഗേളാണ് പെണ്‍കുട്ടി.
മംഗലാപുരത്തെ അട്ടാവര്‍ മാര്‍ക്കറ്റില്‍ ഇന്നലെ വൈകുന്നേരമാണ് നടുക്കുന്ന സംഭവമുണ്ടായത്. ഇതര സമുദായത്തില്‍പെട്ട സ്ത്രീയോടൊപ്പം യാത്ര ചെയ്ത മുസ്ലിം യുവാവിനെയാണ് വൈദ്യുതി പോസ്റ്റില്‍ ബന്ധിച്ച ശേഷം 20ഓളം പേര് ചേര്‍ന്ന് വിവസ്ത്രനാക്കി മര്‍ദ്ദിച്ചത്. മര്‍ദ്ദനം ഒരു മണിക്കൂറോളം തുടര്‍ന്നു. യുവാവിനെ നഗ്നനാക്കി നടത്തിച്ചതായും ആരോപണമുണ്ട്. മംഗലാപുരം കുലൂര്‍ സ്വദേശിയാണ് ആക്രമിക്കപ്പെട്ടത്. ഹിന്ദു തീവ്രവാദ സംഘടനയായ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് അതിക്രമത്തിന് പിന്നിലെന്ന് മംഗളൂരു സൗത്ത് പൊലീസ് അറിയിച്ചു.
അതിക്രമം ചോദ്യം ചെയ്തതിന് യുവാവിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ പരസ്യമായി അപമാനിക്കുകയും ചെയ്തു. യുവാവിന്റെ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.
പെണ്‍കുട്ടി തന്നോട് 2,000 രൂപ കടമായി ചോദിച്ചു. പണമെടുത്ത് നല്‍കുന്നതിന് പെണ്‍കുട്ടിയെയും കൂട്ടി എടിഎമ്മിലേക്ക് പോവുകയായിരുന്നു. ആ സമയത്ത് ഒരു കൂട്ടമാളുകള്‍ കത്തിയുള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തി വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. തന്നെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിക്കും മര്‍ദ്ദനമേറ്റു. ഒടുവില്‍ പെണ്‍കുട്ടി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവാവ് നല്കിയ പരാതിയില്‍ പറയുന്നു.
അട്ടാവറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് മര്‍ദ്ദനത്തിനിരയായ യുവാവും ഒപ്പമുണ്ടായിരുന്ന സ്ത്രീയും. യുവതി പണം കടം ചോദിച്ചതിന് പണം പിന്‍വലിക്കാന്‍ എടിഎമ്മില്‍ പോകുമ്പോഴാണ് മര്‍ദ്ദനത്തിനിരയായതെന്ന് യുവാവ് പൊലീസിന് മൊഴിനല്‍കി.മംഗലാപുരത്ത് സദാചാര ഗുണ്ടകളുടെ അതിക്രമം പതിവാണ്. 2009ല്‍ നഗരത്തിലെ പബ്ബില്‍ ശ്രീരാമ സേന നടത്തിയ അതിക്രമം വലിയ വിവാദമായിരുന്നു.
Discussion about this post