ന്യൂഡൽഹി : ഡൽഹിയിലെ ബാബർ റോഡിന്റെ പേര് ‘5 ആഗസ്റ്റ് റോഡ്’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് വിജയ് ഗോയൽ.സെൻട്രൽ ഡൽഹിയിലെ ബാബർ റോഡിലേക്ക് ദിശ കാണിക്കുന്ന ബോർഡ് മറച്ച് വിജയ് ഗോയൽ അതിൽ ‘5 ആഗസ്റ്റ് റോഡ്’ എന്നെഴുതിയ പോസ്റ്റർ പതിക്കുകയും ചെയ്തു.
ഭരണാധികാരിയായ ബാബർ ഒരു വിദേശ കയ്യേറ്റക്കാരനും അയോധ്യയിലെ രാമക്ഷേത്രം പൊളിച്ചു മാറ്റിയതിന്റെ ഉത്തരവാദിയുമായിരുന്നുവെന്ന് വിജയ് ഗോയൽ ചൂണ്ടിക്കാട്ടി. ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്താൻ പോവുകയാണ്.അതു കൊണ്ടു തന്നെ ബാബർ റോഡിന്റെ പേര് പുനർ നാമകരണം ചെയ്ത് ‘5 ആഗസ്റ്റ് റോഡ്’ എന്നാക്കണമെന്ന് വിജയ് ഗോയൽ ട്വീറ്റ് ചെയ്തു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.









