സ്പെയിനില്‍ നടക്കുന്ന തക്കാളി ഉത്സവത്തിന്റെ എഴുപതാം വാര്‍ഷികത്തിനു ഗൂഗിള്‍ ഡൂഡിലും. ലാ ടൊമാറ്റിന എന്ന പേരിലറിയപ്പെടുന്ന തക്കാളി ഉല്സരം വിപുലമായാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. ഇതിനായി പ്രത്യേകം ഡൂഡില്‍ തന്നെ ഗൂഗിള്‍ പുറത്തിറക്കി. തക്കാളി ഉല്‍സവത്തിന്റെ ആവേശം പകരുന്ന ആനിമേഷനാണ് ഗൂഗിള്‍ സെര്‍ച്ച് പേജില്‍ കൊടുത്തിരിക്കുന്നത്.
ഓഗസ്റ്റിലെ അവസാന ബുധനാഴ്ച സ്പെയിനിലെ വലന്‍സിയ പ്രദേശത്തെ ബ്യൂണോള്‍ എന്ന ചെറുപട്ടണത്തിലാണ് തക്കാളി ഉല്‍സവം നടക്കുക. ഒരു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന തക്കളിയുല്സവത്തില് പങ്കെടുക്കുന്നവര്‍ ലക്ഷക്കണക്കിനു തക്കാളികളാണു പരസ്പരം വലിച്ചെറിയുക. പങ്കെടുക്കുന്നവരെ അടിമുടി തക്കാളിയില്‍ കുളിപ്പിക്കുന്ന ഈ ഉല്‍സവം അവസാനിക്കുമ്പോള്‍ ബ്യൂണോളിലെ തെരുവുകള്‍ തക്കാളിച്ചാറില്‍ മുങ്ങും.
നമ്മുടെ ചില ഉല്‍സവങ്ങളില്‍ കോലങ്ങള്‍ എഴുന്നള്ളിക്കുന്നതു പോലെ സ്പെയിനിലും കോലങ്ങള്‍ എഴുന്നള്ളിച്ചുള്ള പ്രകടനങ്ങള്‍ പതിവായിരുന്നു. 1945ല്‍ ഇതുപോലൊരു പ്രകടനത്തിനു നേരെ ഒരുകൂട്ടും ചെറുപ്പക്കാര്‍ പച്ചക്കറികള്‍ വലിച്ചെറിഞ്ഞതും തുടര്‍ന്നുണ്ടായ കൂട്ടപ്പൊരിച്ചിലുമാണു തക്കാളി ഉല്‍സവത്തിന്റെ തുടക്കമെന്നാണു പറയപ്പെടുന്നത്.
1945ല്‍ പ്രശ്നക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇതേ ചെറുപ്പക്കാര്‍ പ്രകടനത്തിനു നേരെ വീണ്ടും ഏറു നടത്തി. അന്ന് അവര്‍ എറിയാനായി തക്കാളികള്‍ സ്വന്തം വീട്ടില്‍ നിന്നു കൊണ്ടുവരികയായിരുന്നു. തുടര്‍ വര്‍ഷങ്ങളിലും ഇതു പതിവായതോടെ സംഗതി ഒരു ആഘോഷമായി മാറി. കൂടുതല്‍പേര്‍ തക്കാളികളുമായി ഏറു നടത്താന്‍ എത്തിത്തുടങ്ങിയതോടെ 1950ല്‍ സര്‍ക്കാര്‍ ഇത് ആഘോഷമായി അംഗീകരിച്ചു. നന്നായി പഴുത്ത തക്കാളി ചെറുതായി ഞെക്കി ചതച്ച ശേഷം മാത്രമേ എറിയാവൂ എന്നാണു നിബന്ധന. ഏറുകൊള്ളുന്നവര്ക്കു വേദനിക്കാതിരിക്കാനാണിത്.
Discussion about this post