നീണ്ട 17 വർഷത്തിന് ശേഷം ലാഭത്തിലേക്ക് എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. 262 കോടിരൂപയാണ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ലാഭം. 2007ന് ശേഷം ആദ്യമായാണ് കമ്പനി ഒരു പാദത്തിൽ ലാഭം രേഖപ്പെടുത്തുന്നത്. 2019ൽ നഷ്ടമെല്ലാം നികത്തി, പ്രവർത്തനം മെച്ചപ്പെടുത്തൽ ബിഎസ്എൻഎല്ലിന് കേന്ദ്രസർക്കാർ 3.22 ലക്ഷം കോടി രൂപയുടെ പാക്കേജ് ഏർപ്പെടുത്തിയിരുന്നു. ഇത് വലിയ തോതിലാണ് കമ്പനിയുടെ വളർച്ചയ്ക്ക് സഹായകമായതെന്നാണ് വിലയിരുത്തൽ. നെറ്റ്വർക്ക് ശൃംഖല മെച്ചപ്പെടുത്തിയും അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചും ഉപഭോക്താക്കളെ ആകർഷിക്കാനായതാണ് ബി.എസ്.എൻ.എല്ലിന് ലാഭം നേടാൻ അവസരമൊരുക്കിയതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റോബർട്ട് ജെ രവി ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ഉപഭോക്താക്കളെ ആകർഷിക്കുന്ന കിടിലൻ റീചാർജ് പ്ലാനുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ.
54 ദിവസം വാലിഡിറ്റി, 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങും ഒപ്പം 100 എസ്എംഎസ് പ്ലാനുകളുമായി 347 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. പരിധിയില്ലാതെ സൗജന്യമായി യഥേഷ്ടം ഫോൺ വിളിക്കാനുള്ള സൗകര്യം, പ്രതിദിനം രണ്ടു ജിബി വരെ അതിവേഗ ഡേറ്റ, 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ വഴി ലഭിക്കുക. കൂടാതെ, ഉപയോക്താക്കൾക്ക് BiTV-യുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും പ്രയോജനപ്പെടുത്താവുന്നതാണ്.BiTVയിലൂടെ 450-ലധികം ലൈവ് ടിവി ചാനലുകളും OTT ആപ്ലിക്കേഷനുകളും ആസ്വദിക്കാൻ സാധിക്കും.
കഴിഞ്ഞ ദിവസം 411 രൂപയുടെ മറ്റൊരു കിടിലൻ പ്ലാനും ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു.411 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണം. ദിവസവും 2GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിൽ ലഭിക്കുന്നു. അൺലിമിറ്റഡ് വോയ്സ് കോളുകളും ഈ പ്ലാനിൽ ലഭ്യമാണ്. ദിവസേന പരിധിയായ 2 ജിബി ഡാറ്റ അവസാനിച്ചാൽ, സ്പീഡ് 40 കെബിപിഎസ് ആയി കുറയും.
Discussion about this post