കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഉണ്ടായ സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാണ്ഡഹാറിലെ പാഞ്ജ്വായ് ജില്ലയിലായിരുന്നു സംഭവം. വഴിയരികിൽ കുഴിച്ചിട്ടിരുന്ന സ്ഫോടക വസ്തുവിന് മേൽ ട്രക്ക് പാഞ്ഞു കയറിയാണ് അപകടമുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. നാല് കുട്ടികളും ഒരു സ്ത്രീയുമുൾപ്പെടെ നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതു വരെ ആരും ഏറ്റെടുത്തിട്ടില്ല.
കാണ്ഡഹാറിലെ ഷീൻ നാരി ഗ്രാമത്തിൽ ഓഗസ്റ്റ് ഒൻപതാം തീയതി നടന്ന സമാനമായ സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇരു സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുന്നതായി അഫ്ഗാൻ പൊലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.












