ഡൽഹി: ജമ്മു കശ്മീരിൽ ഭീകരരെ സഹായിച്ച ഡിവൈഎസ്പി ദേവീന്ദർ സിങിനെ പിടികൂടിയ ഡിഐജി അതുൽ കുമാർ ഗോയലിന് ധീരതയ്ക്കുള്ള പൊലീസ് മെഡൽ. അതുൽ കുമാർ ഗോയലിന്റെ സമയോചിതവും ധീരവുമായ നീക്കമാണ് ദേവീന്ദർ സിംഗിനെ കുടുക്കിയത്.
കഴിഞ്ഞ ജനുവരിയിൽ ഗോയലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ദേവീന്ദറിനെയും 2 ഭീകരരെയും കാറിൽ നിന്നും പിടികൂടിയത്. പൊലീസ് പിക്കറ്റിൽ നിന്ന് അൽപം മാറ്റി നിർത്തിയിട്ടിരുന്ന വാഹനത്തിലിരുന്നു രംഗം നിരീക്ഷിച്ച ഗോയൽ, ദേവീന്ദറിനെ പൊലീസുകാർ പരിശോധിക്കാൻ ശ്രമിക്കുന്നത് വരെ നിശബ്ദനായിരുന്നു. താൻ ഉയർന്ന ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ദേവീന്ദർ പൊലീസുകാരോട് തട്ടിക്കയറിയപ്പോൾ ഇറങ്ങിച്ചെന്ന ഗോയൽ ദേവീന്ദറിന്റെ കരണത്തൊന്നു പൊട്ടിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ഭീകരരെ ജമ്മുവിൽ നിന്ന് കടത്താനുള്ള ഡിവൈഎസ്പി ദേവീന്ദറിന്റെ പദ്ധതി സമർത്ഥമായി പൊളിച്ചടുക്കിയ അതുൽ കുമാർ ഗോയലിന് അർഹതയ്ക്കുള്ള അംഗീകാരമാണ് ധീരതയ്ക്കുള്ള പൊലീസ് മെഡൽ. ജമ്മു കശ്മീർ പൊലീസിനു ലഭിച്ച 81 ധീരതാ മെഡലുകളിലൊന്ന് ഇതാണ്. 2004 ബാച്ച് ഐപിഎസ് ഓഫിസറാണ് ഡിഐജി അതുൽ കുമാർ ഗോയൽ.








