ടെൽ അവീവ് : യുഎഇയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.യുഎഇയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം മൂലം വെട്ടിച്ചുരുക്കിയ വിമാനസർവീസുകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കവേ യുഎഇയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാൻ തയ്യാറാണെന്ന കാര്യം നെതന്യാഹു വ്യക്തമാക്കുകയായിരുന്നു.
ഇസ്രായേലിലെ ടെൽ അവീവിൽ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനാണ് ഇപ്പോൾ ഇസ്രായേൽ ആലോചിക്കുന്നത്. ഇത് നടപ്പിലായാൽ മൂന്ന് മണിക്കൂർ കൊണ്ട് ഇസ്രായേലിൽ നിന്നും ഇവിടങ്ങളിൽ എത്തിച്ചേരാൻ സാധിക്കും. യുഎഇയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ഇസ്രായേലിലെ പ്രതിനിധിസംഘം വരുന്ന ആഴ്ചകളിൽ യുഎഇയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.










