ക്രെംലിൻ : സ്‌പുട്നിക് വി കോവിഡ് വാക്സിന്റെ നിർമാണം നടത്തുന്നതിനായി ഇന്ത്യയുടെ സഹകരണം തേടി റഷ്യ.റഷ്യൻ ഡയറക്ടർ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സിഇഒ ആയ കിറിൽ ദിമിത്രീവാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിലവിൽ കോവിഡ് വാക്സിൻ നിർമിക്കാൻ താല്പര്യം അറിയിച്ചുകൊണ്ട് ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങൾ മുന്നോട്ട് വന്നിട്ടുണ്ടെന്നും എന്നാൽ ഇന്ത്യയുമായി സഹകരിക്കാനാണ് രാജ്യത്തിനു കൂടുതൽ താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയുമായി ചേർന്ന് റഷ്യ വാക്സിൻ നിർമാണത്തിൽ ഏർപ്പെടുകയാണെങ്കിൽ ആവശ്യമുള്ളത്ര വാക്സിൻ ലോകത്തിന് സംഭാവന ചെയ്യാൻ കഴിയുമെന്ന് കിറിൽ ദിമിത്രീവ് പറഞ്ഞു.
ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്ത കാര്യം കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സഹകരണത്തോടെ ഗമേലയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി ആൻഡ് മൈക്രോബയോളജി വാക്സിൻ വികസിപ്പിക്കുകയായിരുന്നു. വാക്സിൻ ഫലപ്രദമാണെന്നാണ് രാജ്യം അവകാശപ്പെടുന്നത്.










