ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഹറം ഘോഷയാത്രക്ക് സുപ്രീം കോടതി അനുമതി നിഷേധിച്ചു. രാജ്യ വ്യാപകമായി മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുസ്ലിം പുരോഹിതന്‍ സയ്യദ് കല്‍ബെ ജവാദ് ആണ് രാജ്യവ്യാപകമായി ഘോഷയാത്രയ്ക്ക് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്.
അതേസമയം കോവിഡ് ലോക് ഡൗണ്‍ കാലത്ത് ഒഡീഷയിലെ പുരി ക്ഷേത്രത്തില്‍ രഥയാത്ര നടത്താനും മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ പൂജ നടത്താനും അനുമതി നൽകിയത് ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ പുരിയിലും മുംബൈയിലെ ജൈന ക്ഷേത്രങ്ങളിലും ഒരു പ്രത്യേക സ്ഥലത്താണ് ഇളവ് അനുവദിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മുഹറം ഘോഷയാത്ര രാജ്യവ്യാപകമായി നടത്താനാണ് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.








