ഗുരുവായൂർ : സെപ്റ്റംബർ 10 മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കും.ഓൺലൈൻ ബുക്കിംഗിലൂടെ ദിവസം ആയിരം പേരെയായിരിക്കും ദർശനത്തിന് അനുവദിക്കുക.വെർച്വൽ ക്യൂ അനുസരിച്ച് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കും.ക്ഷേത്രത്തിൽ പ്രതിദിനം 60 വിവാഹങ്ങൾ നടത്തുമെന്നും നാളെ മുതൽ വാഹനപൂജ ഏർപ്പെടുത്തുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുൻകൂർ ഓൺലൈൻ ബുക്ക് ചെയ്ത വരെ മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.ക്ഷേത്രത്തിനകത്ത് ഒരേസമയം 50 പേരിൽ കൂടുതൽ ഉണ്ടാകാത്ത വിധത്തിലായിരിക്കും ക്രമീകരണം.മാത്രമല്ല, നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുകയില്ല.ബഹു. തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി ഭരണ സമിതി അംഗങ്ങൾ ചർച്ച നടത്തിയതിനു ശേഷമാണ് ഇങ്ങനെയൊരു തീരുമാനം ക്ഷേത്രസമിതിയെടുത്തത്.












