കത്വ: സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ തസ്തികയിലേക്ക് കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന റിക്രൂട്ട്മെന്റ് റാലി പെൺകുട്ടികളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 100 ഒഴിവുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ രണ്ടായിരത്തി അഞ്ഞൂറിൽ പരം പെൺകുട്ടികൾ എത്തിച്ചേർന്നു. കശ്മീർ പോലുള്ള ഒരു മേഖലയിൽ ഇത്തരം പങ്കാളിത്തം അത്ഭുതകരമാണെന്ന് പൊലീസ് വ്യക്തമാക്കി.
‘ഞാൻ എന്റെ രാജ്യത്തെ സേവിക്കാൻ തയ്യാറാണ്. ഒരു തൊഴിൽ തിരഞ്ഞെടുത്ത് ഭാവി സുരക്ഷിതമാക്കാൻ എന്റെ സർക്കാർ എനിക്കു നൽകിയ സുവർണ്ണാവസരമാണ് ഇത്. എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുകയാണ് എന്റെ ലക്ഷ്യം.‘ പൊലീസിൽ ജോലി കരസ്ഥമാക്കിയ ദീക്ഷ എന്ന പെൺകുട്ടി വാർത്താ ഏജൻസിയോട് പറഞ്ഞു. ഇതിന് അവസരമൊരുക്കിയതിന് സർക്കാരിനോടും ജമ്മു കശ്മീർ പൊലീസിനും നന്ദി അറിയിക്കുന്നതായും പെൺകുട്ടികൾ പറഞ്ഞു.
ഇത് സുവർണ്ണാവസരമാണെന്നും പരീക്ഷ പാസായി രാജ്യസേവനം ചെയ്യാൻ ഉത്സുകരാണെന്നും പങ്കെടുത്ത പെൺകുട്ടികൾ പറഞ്ഞു. വിലക്കുകൾ ലംഘിച്ച് രാജ്യസേവനത്തിന് തയ്യാറായി എത്തിച്ചേർന്ന മുഴുവൻ ഉദ്യോഗാർത്ഥികളെയും കശ്മീർ പൊലീസ് അഭിനന്ദിച്ചു.












