ഹോങ്കോങ് : ലഡാക്ക് അതിർത്തിയിലെ ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ ഷീ ജിൻപിംഗ് രോഷാകുലനെന്നു റിപ്പോർട്ടുകൾ. ദിവസങ്ങൾക്കു മുമ്പ് പാൻഗോങ്ങിലൂടെ ചൈനീസ് സൈനികർ നുഴഞ്ഞു കയറാൻ ശ്രമിച്ചത് ഇന്ത്യ തടഞ്ഞിരുന്നു. ഈ സംഭവം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെ അസ്വസ്ഥനാക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യയുടെ ഭാഗത്തും നിന്നും അത്തരത്തിലൊരു പ്രത്യാക്രമണം ചൈനയൊട്ടും പ്രതീക്ഷിച്ചതല്ല.
ചൈനീസ് സൈന്യം പാൻഗോങ്ങിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ദിവസം, സംഘർഷം ഒഴിവാക്കുന്നതിനായി പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കമാൻഡർ സേനയെ പിൻവലിച്ചതിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം പ്രകോപിതനാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഔദ്യോഗിക രേഖകൾ പുറത്തു വന്നിട്ടില്ലെങ്കിലും, തന്റെ പിറന്നാളായ ജൂൺ 15ന്, ഗാൽവൻ വാലിയിലുണ്ടായ സംഘർഷത്തിൽ പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിട്ടതിന്റെ ക്ഷീണത്തിലിരിക്കുമ്പോൾ രണ്ടാം തവണയും ഇന്ത്യയുടെ ഈ പ്രത്യാക്രമണം ഷീജിൻ പിംഗിനെ ചൊടിപ്പിച്ചിരിക്കുമെന്ന് തീർച്ചയാണ്.ചൈനയുടെ തോൽവിയുടെ ആഴം ലോകമറിയാതിരിക്കാൻ വേണ്ടിയായിരിക്കണം, അന്നത്തെ സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കൃത്യമായ കണക്ക് ഇപ്പോഴും രാജ്യം പുറത്തു വിട്ടിട്ടില്ല.










