ബെര്‍ലിന്‍ : സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടണമെന്നാവശ്യപ്പെട്ട് നേതാജിയുടെ കുടുംബം ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചു. ജപ്പാന്റെയും റഷ്യയുടെയും കൈവശമുള്ളത് മാത്രമല്ല, ബ്രിട്ടന്റെ കൈവശമുള്ളതുമായ രേഖകളും പുറത്തുവിടണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
രേഖകള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ സഹോദരി ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചുവെന്ന് നേതാജിയുടെ ബന്ധു സൂര്യകുമാര്‍ ബോസ് അറിയിച്ചു. നേതാജിയെ സംബന്ധിച്ച രേഖകള്‍ കൈവശമുള്ളതായി സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്ന് സൂര്യകുമാര്‍ ചൂണ്ടിക്കാട്ടി. രേഖകള്‍ പരിശോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സമയം ചോദിച്ചിരിക്കുകയാണ്. അതില്‍ നിന്നുതന്നെ നേതാജിയെക്കുറിച്ചുള്ള രഹസ്യരേഖകള്‍ അവരുടെ കൈവശം ഉണ്ടെന്നത് വ്യക്തമാണെന്നും സൂര്യകുമാര്‍ പറഞ്ഞു.
രേഖകള്‍ പരസ്യമാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ജപ്പാനും യുഎസും പരിഗണിച്ചു വരികയാണ്. പുറത്തുവരുന്നത് എന്തു തന്നെയാണെങ്കിലും അതെല്ലാം തന്നെ അഭിമുഖീകരിക്കുന്നതിന് കുടുംബക്കാര്‍ തയാറാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. റഷ്യ, ജപ്പാന്‍, യുഎസ് സര്‍ക്കാരുകള്‍ക്ക് നേതാജിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാം. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ)യുടെ പക്കല്‍ ഈ വിവരങ്ങളെല്ലാം തന്നെയുണ്ടെന്നും സൂര്യ അവകാശപ്പെട്ടു.
വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ നേതാജിയെക്കുറിച്ചുള്ള രഹസ്യരേഖകള്‍ പുറത്തുവിടാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയാറായിരുന്നില്ല. രേഖകള്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. രേഖകള്‍ പുറത്തുവിടുന്നതിനുള്ള ധൈര്യം മോദിക്കുണ്ടെന്നാണ് ഞാന്‍ കരുതിയിരുന്നത്. പുറത്തുവരുന്നത് എന്തുതന്നെയാണെങ്കിലും അത് അഭിമുഖീകരിക്കുന്നത് ഞങ്ങള്‍ തയാറാണെന്നും അറിയിച്ചിരുന്നതായി സൂര്യ പറഞ്ഞു.
നേതാജിയുടെ തിരോധാനം സംബന്ധിച്ച രേഖകള്‍ പുറത്തുവിടണമെന്ന് കുറച്ചുനാളുകളായി കുടുംബം ആവശ്യപ്പെടുന്നതാണ്. രേഖകള്‍ പുറത്തുവിടുന്നത് നിലവിലെ സര്‍ക്കാരിനെ അവതാളത്തിലാക്കുമെന്ന് താന്‍ കരുതുന്നില്ല. 1945-46 കാലഘട്ടങ്ങളില്‍ നടന്ന സംഭവങ്ങളില്‍ നിലവിലുള്ള സര്‍ക്കാരിനെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ സാധിക്കില്ല എന്നും സൂര്യകുമാര്‍ അറിയിച്ചു.
വിമാനപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ ഇത് തെറ്റാണെന്നും നേതാജി റഷ്യയില്‍ തടവിലായിരുന്നുവെന്നും സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്‍ അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യം ആരോപിച്ചിരുന്നു.
നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 40 ലധികം രേഖകള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈയ്യിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതാജിയുടെ ഭാര്യയും മകളും തമ്മിലുള്ള കത്തിടപാടുകള്‍, നേതാജിയുടെ തിരോധാനം അന്വേഷിച്ച മുഖര്‍ജി കമ്മിഷന്റെ കണ്ടെത്തലുകള്‍ എന്നിവ ഇതിലുള്‍പ്പെടും. ജവാഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് നേതാജിയുടെ കുടുംബാംഗങ്ങളെ 20 വര്‍ഷം ഇന്റലിജന്‍സ് ബ്യൂറോ രഹസ്യമായി നിരീക്ഷിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വിവാദമായിരുന്നു.
Discussion about this post