തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മന്ത്രി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ജലീലിനെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കും എന്നാണ് പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രി രാജി വയ്ക്കുന്നത് വരെ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പ്രഖ്യാപിച്ചു.
ജലീൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഇന്നലെ സംസ്ഥാന വ്യാപകമായി മാർച്ച് നടത്തിയിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ബിജെപിയും യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ബിജെപി മാർച്ചിനിടെ പോലീസ് അതിക്രമത്തിൽ 4 ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു.സംഘർഷഭരിതമായ പ്രതിഷേധ പ്രകടനത്തിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കരിദിനം ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നുമുതൽ സന്ധിയില്ലാ സമരങ്ങൾ അരങ്ങേറുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ അറിയിച്ചു.
ജലീലിന്റെ വളാഞ്ചേരിയിലെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എംഎൽഎ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി വൈകിട്ടും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. റോഡ് ഉപരോധിച്ച് നടന്ന മാർച്ചിൽ നേരിയ സംഘർഷം ഉടലെടുത്തു.അവസാനം, എംഎൽഎ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
Discussion about this post