ഇന്ത്യയുടെ കോവിഡ് രോഗമുക്തി നിരക്ക് 77.7 ശതമാനമായി വർദ്ധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്തി നേടിയത് 81,533 പേരാണ്. ഇതോടെ ഇന്ത്യയിൽ കോവിഡിൽ നിന്നും മുക്തി നേടിയവരുടെയെണ്ണം 36,24,196 ആയി വർദ്ധിച്ചു. രോഗമുക്തി നേടിയവരിൽ ഭൂരിഭാഗം പേരും മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഓരോ ദിവസവും മഹാരാഷ്ട്രയിൽ പതിനാലായിരത്തോളം പേരും കർണാടകയിൽ പന്ത്രണ്ടായിരത്തോളം പേരുമാണ് രോഗമുക്തി നേടുന്നത്. അതേസമയം, ഇന്നലെ മാത്രം ഇന്ത്യയിൽ 97,570 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെയെണ്ണം 46,59,984 ആയി ഉയർന്നു. ഇന്ത്യയിലാദ്യമായാണ് ഒരു ദിവസം ഇത്രയുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.












