മുംബൈ: മയക്കു മരുന്നു കേസില്‍ സെയ്ഫ് അലി ഖാന്റെ മകൾ സാറാ അലീഖാന് സമന്‍സ് അയക്കാനൊരുങ്ങി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. നടന്‍ സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തി, നടിമാരായ സാറ അലി ഖാന്‍, രാഹുല്‍ പ്രീത് സിങ് എന്നിവരുടെ പേരുകള്‍ വെളിപ്പെടുത്തിയെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) വ്യക്തമാക്കി. സാറയ്ക്കും രാഹുല്‍ പ്രീത് സിങിനും പുറമേ ബോളിവുഡിലെ നിരവധി താരങ്ങള്‍ നര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ നിരീക്ഷണത്തിലാണ്.
എന്നാല്‍ റിയയെ ചോദ്യം ചെയ്തപ്പോള്‍ ഈ രണ്ടു പേരുകള്‍ മാത്രമാണ് പുറത്ത് പറഞ്ഞിട്ടുള്ളതെന്നാണ് വിവരം. സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലിഖാന്റെ പേരും പുറത്ത് വന്നതോടെ അന്വേഷണം കൂടുതല്‍ സങ്കീര്‍ണമായേക്കും. കേസ് അന്വേഷണത്തിന്റെ ഭാഗമായി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ശനിയാഴ്ച മുംബൈ, ഗോവ എന്നിവിടങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് ആറ് പേരെകൂടി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം സാറാ അലി ഖാനും സുശാന്ത് സിങ് രജ്പുത്തുമായി പ്രണയത്തിലായിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മയക്കു മരുന്നു കേസില്‍ ഇവരുടെ പങ്ക് സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. എസ് മല്‍ഹോത്ര പ്രതികരിച്ചു. ഇവര്‍ക്ക് സമന്‍സ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് നാളെ സമന്‍സ് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post