കണ്ണൂർ – യുവമോർച്ച മാർച്ചിനിടെ ഡി.വൈ.എസ്.പി, യുവമോർച്ച പ്രവർത്തകനെ അടിവയറ്റിൽ ചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി.യുവമോർച്ചാ പ്രവർത്തകരായ കെ. പ്രജിത്ത്, ബി.സുരേന്ദ്രൻ എന്നിവരാണ് കണ്ണൂർ ഡി.വൈ.എസ്.പി, പി.പി.സദാനന്ദനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവയ്ക്ക് പരാതി നൽകിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങളും മാധ്യമ വാർത്തകളും ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ രാജിവെക്കണമെന്ന ആവശ്യവുമായി യുവമോർച്ച, മന്ത്രിയുടെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഭവം. ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം പോലീസ് ജലപീരങ്കി പ്രയോഗിച്ചതിനെത്തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധം സൃഷ്ടിച്ചപ്പോഴാണ് സംഭവം. പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടതോടെ ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
ഇതിനിടെയാണ് ഡി.വൈ.എസ്.പി, യുവമോർച്ചാ പ്രവർത്തകൻ്റെ അടിവയറ്റിൽ ചവിട്ടി വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ പ്രവർത്തകൻ ചികിത്സയിലാണുള്ളത്. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുകയും പത്രമാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ ലംഘനത്തിന് പരാതി നൽകിയത്.
ഇതേ ഉദ്യോഗസ്ഥനെതിരെ നേരത്തെയും ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം സമാന പരാതി ലഭിച്ചിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച ഫസൽ വധക്കേസിലെ പ്രതികളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരെ രക്ഷിക്കുന്നതിനായി ബി.ജെ.പി പ്രവർത്തകൻ സുഭീഷിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് ക്രൂര മർദ്ദനത്തിനിരയാക്കി കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ സംഭവത്തിലാണിത്. മാഹിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത സുഭീഷിനെ കണ്ണൂരിലെ കേന്ദ്രത്തിൽ വെച്ചാണ് ക്രൂര മർദ്ദനത്തിനിരയാക്കിയത്. പിന്നീട് കുറ്റസമ്മതം നടത്തുന്നത് ചിത്രീകരിച്ച് മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ തേടുകയും മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നൽകുകയും ചെയ്തിരുന്നു.
അനധികൃത കസ്റ്റഡിയും മർദ്ദനവും സംബന്ധിച്ച് ഉദ്യോഗസ്ഥനെതിരെ
കോടതിയിൽ സ്വകാര്യ ഹർജിയും നൽകിയിരുന്നു. സി.പി.എം കണ്ണൂർ ലോബിയുടെ നിർദ്ദേശപ്രകാരമാണ് തന്നെ ഈ കേസിൽ കുടുക്കാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചതെന്ന് സുഭീഷ് വാർത്താ സമ്മേളനത്തിൽ അറിയിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം പരാതി നൽകിയിരുന്നു.
അതിനിടെ, പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് മടങ്ങിവരുന്ന യുവമോർച്ച നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ച സിപിഎം പ്രവർത്തകരെ അതിന് ഒത്താശ ചെയ്തു കൊടുത്ത ഡിവൈഎസ്പി സദാനന്ദന്റെ നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി കോലം കത്തിച്ചു.
Discussion about this post