ഗാന്ധി നഗർ : ഇന്ത്യയുടെ യഥാർത്ഥ ശത്രു മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിൽ നമ്മൾ ബഹുമാനിക്കപ്പെടണമെങ്കിൽ നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ സ്വയം നിർമ്മിക്കാനുള്ള കഴിവുണ്ടാകണം. ഒരു രാഷ്ട്രം മറ്റ് രാജ്യങ്ങളെ എത്രത്തോളം ആശ്രയിക്കുന്നുവോ അത്രത്തോളം പരാജയപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ആഗോളതലത്തിൽ ഇന്ത്യയുടെ ശക്തി തെളിയിക്കാൻ ചിപ്പുകൾ മുതൽ കപ്പലുകൾ വരെ സ്വയം നിർമ്മിച്ചുകൊണ്ട് ഇന്ത്യ ആത്മനിർഭർ ആകണമെന്നും മോദി പറഞ്ഞു.
ഗുജറാത്ത് സന്ദർശനത്തിലുള്ള പ്രധാനമന്ത്രി മോദി 34,200 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. തുടർന്ന് ഭാവ്നഗറിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ” ഇന്ന് ഇന്ത്യ 100 പ്രശ്നങ്ങൾ നേരിടുന്നുണ്ട്, എന്നാൽ ഇവയ്ക്ക് എല്ലാം ഒരൊറ്റ പരിഹാരമേയുള്ളൂ, അതാണ് സ്വാശ്രയ ഇന്ത്യ. ലോകത്ത് നമുക്ക് ഒരു പ്രധാന ശത്രുവുമില്ല. നമുക്ക് യഥാർത്ഥത്തിൽ ഒരു ശത്രു ഉണ്ടെങ്കിൽ, അത് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണ്. അതാണ് നമ്മുടെ ഏറ്റവും വലിയ ശത്രു, ഇന്ത്യയുടെ ഈ ശത്രുവിനെ പരാജയപ്പെടുത്താൻ നാം ഒന്നിച്ചു നിന്ന് പ്രവർത്തിക്കണം. വിദേശ ആശ്രിതത്വം കൂടുന്തോറും രാജ്യത്തിന്റെ പരാജയവും വലുതാകും” എന്ന് മോദി അഭിപ്രായപ്പെട്ടു.
“ഇന്ത്യ 140 കോടി ജനങ്ങൾ ഉള്ള രാജ്യമാണ്. ഈ 140 കോടി ജനങ്ങളെ മറ്റുള്ളവരെ ആശ്രയിക്കാനായി വിട്ടുകൊടുക്കാൻ കഴിയില്ല. മറ്റു രാജ്യങ്ങളെ ആശ്രയിച്ചുകൊണ്ട് നമ്മുടെ ഭാവി തലമുറയുടെ ഭാവിയെ അപകടത്തിൽ ആക്കാതെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ നമ്മൾ സ്വന്തമാക്കണം. ഇന്ത്യയിൽ സാധ്യതകൾക്ക് ഒരു കുറവുമില്ല. ഈ ദർശനങ്ങൾ മുൻനിർത്തിക്കൊണ്ട് 2047 ഓടെ വികസിതവും സ്വാശ്രയവുമായ ഒരു രാജ്യത്തെ നമുക്ക് കെട്ടിപ്പടുക്കണം” എന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
Discussion about this post