ഖുർആന്റെ അന്തസ്സത്തയ്ക്ക് അനുസൃതമായി ഭാര്യമാരെ തുല്യനീതി യോടെ പോറ്റാൻ നിർവാഹമുള്ളവർക്കു മാത്രമാണ് ബഹുഭാര്യത്വം അനുവദിച്ചിട്ടുള്ളതെന്ന് ഹൈക്കോടതി. ജീവനാംശം ആവശ്യപ്പെട്ടുള്ള അപേക്ഷ കുടുംബക്കോടതി തള്ളിയതിനെതിരെ മുസ്ലിം സമുദായാംഗമായ മലപ്പുറം സ്വദേശിനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണന്റെ വിധി.
ഖുർആനിൽ പറയുന്നതിന്റെ അന്തസ്സത്ത അവഗണിച്ച് ഒന്നിലേറെ വിവാഹബന്ധങ്ങൾക്കു മുതിരുന്നവർക്കു ശരിയായ അവബോധം നൽകാൻ സമൂഹവും സമുദായ നേതൃത്വവും ശ്രമിക്കണമെന്നും കോടതി പറഞ്ഞു.
കാഴ്ചപരിമിതിയുള്ള ഭർത്താവ് ഭിക്ഷ യാചിച്ചാണ് ഉപജീവനം നടത്തുന്നതെന്നും, ആദ്യവിവാഹം നിലനിൽക്കെ തന്നെയും വിവാഹം ചെയ്ത ഭർത്താവ് മൂന്നാം വിവാഹത്തിനൊരുങ്ങുകയാണെന്നും ഹർജിക്കാരി പറഞ്ഞിരുന്നു. എന്നാൽ ഭിക്ഷാടകനോടു ചെലവിനു നൽകണമെന്നു നിർദേശിക്കാനാവില്ലെന്ന കുടുംബക്കോടതിയുടെ വിധിയിൽ ഹൈക്കോടതി ഇടപെട്ടില്ല. ഭാര്യയെ പോറ്റാൻ ശേഷിയില്ലെങ്കിലും വിവാഹത്തിനൊരുങ്ങുന്ന ഭർത്താവിനു കൗൺസലിങ് നൽകണമെന്നു നിർദേശിച്ചു. ഇത്തരം ബഹുഭാര്യത്വത്തിന്റെ ഫലമായി അഗതികളാക്കപ്പെടുന്ന സ്ത്രീകളെ സംരക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും പറഞ്ഞു.
Discussion about this post