തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു.നേരത്തെ ഖുര്‍ആന്‍ കൈപ്പറ്റി വിതരണം ചെയ്തതിലും കസ്റ്റംസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
കോണ്‍സുലേറ്റില്‍ നിന്നും സര്‍ക്കാര്‍ 17,000 കിലോ ഈത്തപ്പഴം കൈപ്പറ്റിയത് നിയമം ലംഘിച്ചു കൊണ്ടാണെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കസ്റ്റംസ് പ്രത്യേകം അന്വേഷണം നടത്തുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് സംസ്ഥാന സര്‍ക്കാരിനോടും യു.എ.ഇ കോണ്‍സുലേറ്റിനോടും ഇത് സംബന്ധിച്ച് കസ്റ്റംസ് വിശദീകരണം തേടും.
2016 ഒക്ടോബര്‍ മുതല്‍ പലപ്പോഴായി 17,000 കിലോ ഈത്തപ്പഴം കോണ്‍സുലേറ്റിന്റെ പേരില്‍ വന്നെന്നാണ് ബില്‍ പരിശോധിച്ചതില്‍ വ്യക്തമായതെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. കൊണ്ട് വന്നത് ഈത്തപ്പഴം തന്നെയാണോ എന്ന കാര്യത്തിലും അത് പുറത്ത് വിതരണം ചെയ്തത് അനുമതിയോടെയാണോ എന്ന കാര്യത്തിലും കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തും.
ടാക്സ് നല്‍കാതെയാണ് നയതന്ത്ര പ്രതിനിധികളുടെ ബാഗേജിലൂടെ വന്ന വസ്തുക്കള്‍ സംസ്ഥാന സര്‍ക്കാര്‍ കൈപ്പറ്റിയതെന്നും കസ്റ്റംസ് പറയുന്നു.
Discussion about this post